ഡൽഹി ഇത്തവണയും തൂത്തുവാരി ബിജെപി

ഡൽഹി ഇത്തവണയും തൂത്തുവാരി ബിജെപി. ഏഴ് സീറ്റുകളിലും വ്യക്തമായ ലീഡാണ് ബിജെപിക്കുള്ളത്. തുടക്കത്തിൽ ഒരു സീറ്റിൽ കോൺഗ്രസിന് ലീഡ് നേടാനായെങ്കിലും പിന്നീട് ഇവിടെയും ബിജെപി തന്നെ മുന്നേറി. ഡൽഹിയിലെ ഏഴ് സീറ്റുകളിൽ അഞ്ചിടത്ത് കോൺഗ്രസ് രണ്ടാം സ്ഥാനത്തെത്തിയപ്പോൾ രണ്ട് മണ്ഡലങ്ങളിൽ കോൺഗ്രസിനെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളി ആം ആദ്മി പാർട്ടി രണ്ടാമതെത്തി. കോൺഗ്രസും ആം ആദ്മി പാർട്ടിയും തമ്മിൽ ഡൽഹിയിൽ സഖ്യമുണ്ടാക്കി മത്സരിക്കുന്നതിന് ഏറെ ചർച്ചകൾ നടത്തിയിരുന്നെങ്കിലും ഇത് ഫലം കണ്ടിരുന്നില്ല.
തുടർന്ന് ഇരുപാർട്ടികളും ഒറ്റയ്ക്കാണ് മത്സരിച്ചത്. ന്യൂഡൽഹി മണ്ഡലത്തിൽ ബിജെപിയുടെ മീനാക്ഷി ലേഖിയും ഈസ്റ്റ് ഡൽഹിയിൽ ക്രിക്കറ്റ് താരം ഗൗതം ഗംഭീറും എതിരാളികളെ ബഹുദൂരം പിന്നിലാക്കി. നോർത്ത് വെസ്റ്റ് ഡൽഹിയിലും സൗത്ത് ഡൽഹിയിലുമാണ് ആം ആദ്മി പാർട്ടി സ്ഥാനാർത്ഥികൾക്ക് രണ്ടാം സ്ഥാനത്തെത്താൻ കഴിഞ്ഞത്. ഡൽഹി കോൺഗ്രസ് അധ്യക്ഷയും മുൻ മുഖ്യമന്ത്രിയുമായ ഷീല ദീക്ഷിത്, മുതിർന്ന നേതാവ് അജയ് മാക്കൻ എന്നിവർ ഡൽഹിയിൽ ബിജെപിയോട് ഏറ്റുമുട്ടിയ കോൺഗ്രസ് സ്ഥാനാർത്ഥികളിൽ പെടുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here