പരാജയം പ്രതീക്ഷിച്ചിരുന്നില്ലെന്നും കാരണങ്ങൾ വിശദമായി പരിശോധിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ

ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് കേരളത്തിൽ ഉണ്ടായ പരാജയം പ്രതീക്ഷിച്ചതായിരുന്നില്ലെന്നും ഇതിനിടയാക്കിയ കാരണങ്ങൾ വിശദമായി പരിശോധിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാരിനെതിരായുള്ള ശക്തമായ വികാരം സംസ്ഥാനത്ത് തെരഞ്ഞെടുപ്പിലുടനീളം പ്രതിഫലിച്ചിരുന്നു. ഇത്തരമൊരു വികാരം സംസ്ഥാനത്ത് ഉയർത്തിയെടുക്കുന്നതിന് എൽഡിഎഫിന്റെ പ്രചരണങ്ങളും ഇടപെടലുകളുമാണ് പ്രധാനമായും ഇടയാക്കിയത്.
അതിന്റെ ഫലമായാണ് ബിജെപിക്കെതിരായ ജനവിധി കേരളത്തിലുണ്ടായത്. ബിജെപിക്ക് കേരളത്തിൽ സീറ്റൊന്നും ലഭിക്കാത്ത സാഹചര്യം രൂപപ്പെടാൻ ഇടയാക്കിയത് എൽഡിഎഫിന്റെ ഈ രാഷ്ട്രീയ നിലപാടുകളാണ്. ബിജെപി സർക്കാരിനെതിരായുള്ള കേരള ജനതയുടെ എതിർപ്പ് കോൺഗ്രസ്സിന് അനുകൂലമായി മാറുന്ന സ്ഥിതിയാണ് കേരളത്തിൽ ഉണ്ടായതെന്നും മുഖ്യമന്ത്രി പ്രസ്താവനയിൽ വ്യക്തമാക്കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here