വോട്ടെണ്ണലിന് തൊട്ടുമുൻപ് കോൺഗ്രസ് സ്ഥാനാർത്ഥിക്ക് വെടിയേറ്റു

വോട്ടെണ്ണലിന് തൊട്ടുമുൻപ് ഒഡീഷയിൽ കോൺഗ്രസ് സ്ഥാനാർത്ഥിക്ക് വെടിയേറ്റു. ഒഡീഷ നിയമസഭയിലേക്ക് മത്സരിച്ച അസ്‌ക നിയമസഭാ മണ്ഡലം സ്ഥാനാർത്ഥി മനോജ് കുമാർ ജേനയ്ക്കാണ് വെടിയേറ്റത്. കാറിൽ സഞ്ചരിക്കുന്നതിനിടെ അജ്ഞാതരായ ആറംഗ സംഘം വഴിയിൽ തടഞ്ഞുനിർത്തി വെടിയുതിർക്കുകയായിരുന്നു.
ബിർഹാംപൂരിലെ ഓക്‌സ്ഫർഡ് സ്‌കൂളിന് സമീപത്തുവെച്ചാണ് ആക്രമണമുണ്ടായതെന്ന് പൊലീസ് പറഞ്ഞു. വെടിയുതിർത്ത ശേഷം അക്രമികൾ മനോജ് കുമാറിന്റെ കഴുത്തറുത്താണ് മടങ്ങിയത്. ഗുരുതരമായി പരിക്കേറ്റ മനോജിനേയും സഹപ്രവർത്തകനായ അനിൽ കുമാർ സ്വെയിനേയും ഉടൻ എംകെസിജി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. രക്തം വാർന്ന നിലയിലാണ് ഇരുവരേയും ആശുപത്രിയിൽ എത്തിച്ചതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
കാർ പിന്തുടർന്ന അക്രമി സംഘം ജേന കാറിൽ നിന്ന് പുറത്തിറങ്ങിയതിന് തൊട്ടുപിന്നാലെ ആക്രമിക്കുകയായിരുന്നു. കഴിഞ്ഞ ആഴ്ച ബിജെപിയുടെ കുർദ മണ്ഡലം നേതാവ് മംഗുലി ജേനയ്ക്കും വെടിയേറ്റിരുന്നു. ഈ കേസിൽ അഞ്ച് പേരെ പിടികൂടിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here