ശബരിമല, രാഹുൽ ഗാന്ധിയുടെ സ്ഥാനാർത്ഥിത്വം, സുരേഷ് ഗോപിയുടെ ‘തൃശൂർ’; കേരളം ഉറ്റുനോക്കുന്നത്

നിരവധി വിഷയങ്ങളിലൂടെയാണ് സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പ്രചാരണം കടന്നുപോയത്. ശക്തമായ ത്രികോണ മത്സരം നടന്ന മൂന്ന് മണ്ഡലങ്ങളുൾപ്പെടെ കേരളത്തിലെ ഇരുപത് ലോക്‌സഭാ മണ്ഡലങ്ങളിലെ ജനവിധിയും ആകാംക്ഷയോടെയാണ് ഉറ്റുനോത്തുന്നത്. തിരുവനന്തപുരം, പത്തനംതിട്ട, തൃശൂർ എന്നിവിടങ്ങളിൽ ശക്തമായ ത്രികോണ മത്സരവും മറ്റിടങ്ങളിൽ ഇഞ്ചോടിഞ്ച് പോരാട്ടവുമാണ് നടന്നത്.
കേരളത്തിലെ ജനതയെ സ്വാധീനിച്ച നിരവധി വിഷയങ്ങൾ ഉണ്ടെങ്കിലും പ്രധാനമായും എടുത്തു പറയാനുള്ളത് ശബരിമല, രാഹുൽ ഗാന്ധിയുടെ സ്ഥാനാർത്ഥിത്വം എന്നിവയാണ്. ശബരിമല വിഷയം ഏറ്റവും അധികം സ്വാധാനിക്കുക പത്തനംതിട്ട മണ്ഡലത്തെയാണ്. ആറന്മുള എംഎൽഎ വീണാ ജോർജ് എൽഡിഎഫ് സ്ഥാനാർത്ഥിയായി പത്തനംതിട്ടയുടെ കളം നിറഞ്ഞപ്പോൾ ആന്റോ ആന്റണി യുഡിഎഫിന് വേണ്ടി ശക്തമായ പ്രചാരണമാണ് മണ്ഡലത്തിൽ നടത്തിയത്. ശബരിമല പ്രക്ഷോഭം ഏറ്റവും അധികം ബാധിച്ച മണ്ഡലം എന്ന നിലയിൽ വിശ്വാസികളെ കൈയിലെടുക്കാൻ കഴിഞ്ഞുവെന്ന പ്രതീക്ഷയിലാണ് ബിജെപി സ്ഥാനാർത്ഥി കെ സുരേന്ദ്രൻ. ട്വന്റിഫോറിന്റെ പ്രവചനം അനുസരിച്ച് എട്ട് മണ്ഡലങ്ങളിലാണ് ശബരിമല വിഷയം പ്രതിഫലിക്കുക. തിരുവനന്തപുരം, പത്തനംതിട്ട, മാവേലിക്കര, കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശൂർ, പാലക്കാട് എന്നിവയാണ് ശബരിമല പ്രതിഫലിക്കുന്ന മണ്ഡലങ്ങൾ. ജനങ്ങളുടെ പ്രതികരണങ്ങളിൽ നിന്നുമാണ് ഈ നിഗമനത്തിൽ ട്വന്റിഫോർ എത്തിയത്.
രാഹുൽ ഗാന്ധിയുടെ സ്ഥാനാർത്ഥിത്വം വയനാടിനെ അക്ഷരാർത്ഥത്തിൽ ഇളക്കി മറിച്ചു. ട്വന്റിഫോറിന്റെ പ്രവചനം അനുസരിച്ച് എട്ട് മണ്ഡലങ്ങളിൽ രാഹുലിന്റെ സ്ഥാനാർത്ഥിത്വം സ്വാധീനം ചെലുത്തും. കാസർഗോഡ്, കണ്ണൂർ, വടകര, കോഴിക്കോട്, വയനാട്, മലപ്പുറം, പൊന്നാനി, ഇടുക്കി എന്നീ മണ്ഡലങ്ങളിലാണ് രാഹുലിന്റെ സ്ഥാനാർത്ഥിത്വം പ്രതിഫലിക്കുക. പ്രളയം കേരളത്തെ തകർത്തപ്പോൾ അതിൽ സംസ്ഥാന സർക്കാർ സ്വീകരിച്ച നിലപാടുകൾ തെരഞ്ഞെടുപ്പിൽ നിർണ്ണായകമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. സുരേഷ് ഗോപി വന്നതോടെ സെലബ്രിറ്റി മണ്ഡലമായി മാറിയ തൃശൂർ ആരെടുക്കുമെന്നതാണ് പ്രേക്ഷകർ ഉറ്റുനോക്കുന്ന മറ്റൊരു കാര്യം. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി സുരേഷ് ഗോപി നടത്തിയ പ്രസംഗമാണ് അതിന് കാരണമായത്. തൃശൂർ ആരെടുക്കുമെന്നും, ശബരിമല എങ്ങനെ പ്രതിഫലിച്ചുവെന്നും രാഹുൽ കേരളത്തിലെ ജനങ്ങളെ സ്വാധീനിച്ചോ എന്നൊക്കെ അറിയാൻ ഇനി മണിക്കൂറുകൾ മാത്രം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here