Advertisement

കെ സുരേന്ദ്രന് ഏറ്റവും കുറവ് വോട്ടു ലഭിച്ചത് പിസി ജോർജിന്റെ മണ്ഡലത്തിൽ

May 24, 2019
0 minutes Read

പത്തനംതിട്ടയിലെ എന്‍ഡിഎ സ്ഥാനാര്‍ഥി കെ സുരേന്ദ്രന് ഏറ്റവും കുറവ് വോട്ടു ലഭിച്ചത് പിസി ജോര്‍ജിന്‍റെ സ്വന്തം മണ്ഡലമായ പൂഞ്ഞാറിൽ. ആകെ ലഭിച്ച 2,97,396 വോട്ടുകളിൽ പൂഞ്ഞാറിൽ നിന്നുള്ളത് 30990 വോട്ടുകൾ മാത്രമാണ്. ഇതോടെ പിസി ജോർജിൻ്റെ പിന്തുണ സുരേന്ദ്രന് ഗുണം ചെയ്തില്ലെന്നാണ് വിലയിരുത്തൽ.

പി സി ജോര്‍ജിന്റെ പിന്തുണ ഗുണം ചെയ്തിരുന്നുവെങ്കില്‍ എരുമേലി ഉള്‍പ്പെടുന്ന പൂഞ്ഞാറില്‍ സുരേന്ദ്രന് മികച്ച വോട്ടു നില കണ്ടെത്താന്‍ കഴിയുമായിരുന്നു. മാത്രമല്ല, പി സി ജോര്‍ജ് അവകാശപെട്ടതുപോലെ ക്രിസ്ത്യന്‍ വോട്ടുകളില്‍ സ്വാധീനം ഉണ്ടാക്കാന്‍ സുരേന്ദ്രന് കഴിഞ്ഞില്ലെന്നതാണ് വോട്ടുനില തെളിയിക്കുന്നു. ഈ സാഹചര്യത്തില്‍ പി സി ജോര്‍ജുമായി സഖ്യം തുടരുന്ന കാര്യത്തില്‍ ബിജെപി പുനരാലോചന നടത്തിയേക്കും. കെ സുരേന്ദ്രന്‍റെ പ്രതികരണവും അത്തരത്തിലായിരുന്നു. പി സി ജോര്‍ജിന്‍റെ സാന്നിധ്യം ദോഷം ചെയ്തോയെന്നു പരിശോധിക്കുമെന്നായിരുന്നു സുരേന്ദ്രന്‍ പറഞ്ഞത്.

ജോര്‍ജ് ബിജെപിക്കൊപ്പാം പോയത് യുഡിഎഫ് സ്ഥാനാര്‍ഥി ആന്‍റോ ആന്റണിക്ക് ഏറെ ഗുണം ചെയ്തതായി വോട്ടെടുപ്പിന് മുന്‍പ് തന്നെ വിലയിരുത്തല്‍ ഉണ്ടായിരുന്നു. അത് ശരിവയ്ക്കുന്ന ലീഡ് നിലയാണ് ആൻ്റോയ്ക്ക് പൂഞ്ഞാറില്‍ ലഭിച്ചത്. 17929 വോട്ടുകളുടെ ലീഡാണ് ഇവിടെ ആന്റോ നേടിയത്. പി സി ജോര്‍ജ് 27000 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ജയിച്ചിടത്താണ് ആൻ്റോയുടെ ലീഡ് 17929 ആയി മാറിയത്. അതിനാല്‍ തന്നെ ജോര്‍ജിന്‍റെ സാന്നിധ്യം ഗുണം ചെയ്തില്ലെന്ന പ്രാഥമിക വിലയിരുത്തലാണ് ബിജെപിക്കുള്ളത്.

കഴിഞ്ഞ നിയമസഭാ തിരഞ്ഞടുപ്പിൽ പൂഞ്ഞാറിൽ നിന്നും 19966 വോട്ടുകൾ എൻഡിഎയ്ക്ക് ലഭിച്ചിരുന്നു. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ ആൻ്റോ ആൻ്റണിക്ക് 43614 വോട്ടുകൾ മാത്രമാണ് ലഭിച്ചത്. ഇത്തവണ അത് 61530 വോട്ടുകളായി ഉയർന്നു. പൂഞ്ഞാർ മണ്ഡലത്തിൽ നിന്നാണ് 17929 വോട്ടുകളോടെ യുഡിഎഫിന് ഈ തിരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ ഭൂരിപക്ഷം ലഭിച്ചത്.

പൂഞ്ഞാറിനു തൊട്ടടുത്ത മണ്ഡലമായ കാഞ്ഞിരപ്പള്ളിയില്‍ സുരേന്ദ്രനു ലഭിച്ചത് 36628 വോട്ടുകളാണ്. അടൂരില്‍ 51260 വോട്ടുകളും ആറന്മുളയില്‍ 50497 വോട്ടുകളും സുരേന്ദ്രന്‍ നേടി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top