Advertisement

പുതിയ സർക്കാരിന്റെ സത്യപ്രതിജ്ഞ ഞായറാഴ്ചയെന്ന് സൂചന

May 24, 2019
Google News 0 minutes Read

ലോക്‌സഭ തെരഞ്ഞെടുപ്പിൽ മികച്ച വിജയം നേടിയ ബിജെപി പുതിയ സർക്കാർ രൂപീകരണ ചർച്ചകളിലേക്ക് കടക്കുന്നു. പുതിയ സർക്കാരിന്റെ സത്യപ്രതിജ്ഞ ഞായറാഴ്ച നടന്നേക്കുമെന്നാണ് സൂചന. ഇതിനു മുന്നോടിയായി ബിജെപി പാർലമെന്ററി പാർട്ടി യോഗം നാളെ ചേരും. നരേന്ദ്രമോദിയെ പാർലമെന്ററി പാർട്ടി നേതാവായി യോഗം തെരഞ്ഞെടുക്കും.

പുതിയ സർക്കാരിന്റെ സത്യപ്രതിജ്ഞ, മന്ത്രിമാർ ആരൊക്കെ തുടങ്ങിയ കാര്യങ്ങളിലെ ചർച്ചകളും യോഗത്തിൽ ഉണ്ടായേക്കും. കേവല ഭൂരിപക്ഷത്തിന് 272 സീറ്റ് മതിയെന്നിരിക്കെ, ബിജെപിക്ക് തനിച്ച് 302 സീറ്റുകളാണ് ലഭിച്ചത്. എൻഡിഎ സഖ്യത്തിന് 352 എംപിമാരുടെ അംഗബലമാണുള്ളത്. പ്രധാനമന്ത്രി നരേന്ദ്രമോദി വാരാണസിയിൽ നിന്നും 4,79,505 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. ഗാന്ധിനഗറിൽ ബിജെപി അധ്യക്ഷൻ അമിത് ഷായുടെ ഭൂരിപക്ഷം 5.10 ലക്ഷമാണ്.

കോൺഗ്രസിന്റെ ഹൃദയഭൂമിയായ അമേഠിയിൽ പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ തോൽവി പാർട്ടിക്ക് വൻ തിരിച്ചടിയാണ് നൽകിയിരിക്കുന്നത്. നെഹ്‌റു കുടുംബത്തിന് വൈകാരിക ബന്ധമുള്ള സ്ഥലം കൂടിയായ യുപിയിലെ ഈ ലോക്‌സഭ മണ്ഡലത്തിൽ സ്മൃതി ഇറാനിയോടായിരുന്നു രാഹുലിന്റെ തോൽവി. 54731 വോട്ടുകൾക്കാണ് തോൽവി. അടിയന്തരവസ്ഥയ്ക്കു ശേഷം 3 വർഷവും, 98ലെ തെരഞ്ഞെടുപ്പിലും മാത്രമാണ് ഇവിടം കോൺഗ്രസിനെ കൈവിട്ടത്. അതേസമയം, വയനാട്ടിൽ രാഹുൽ വൻ ഭൂരിപക്ഷത്തിൽ വിജയിച്ചു. മൂന്ന് ലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വയനാട്ടിൽ രാഹുൽ വിജയിച്ചത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here