‘പിണറായി വിജയൻ അയ്യപ്പനെ കണ്ട് സമസ്താപരാധങ്ങളും പൊറുക്കണമെന്ന് അപേക്ഷിക്കണം; അല്ലെങ്കിൽ ഇനി ഒരു തെരഞ്ഞെടുപ്പിലും ജയിക്കില്ല’: രാജ്മോഹൻ ഉണ്ണിത്താൻ

ലോക്സഭാ തെരഞ്ഞെടുപ്പിൽ സിപിഎമ്മിനേറ്റ കനത്ത തോൽവിയിൽ പിണറായി വിജയനെ പഴിച്ച് രാജ്മോഹൻ ഉണ്ണിത്താൻ. ശബരിമല വിഷയത്തിൽ പിണറായി വിജയൻ്റെ നിലപാടുകൾ സിപിഎമ്മിനു തിരിച്ചടിയായെന്നാണ് അദ്ദേഹം വിശദീകരിച്ചത്. കാസർകോട് മണ്ഡലത്തിലെ അട്ടിമറി വിജയത്തിനു പിന്നാലെയായിരുന്നു യുഡിഎഫ് സ്ഥാനാർഥി രാജ്മോഹൻ ഉണ്ണിത്താൻ്റെ അഭിപ്രായ പ്രകടനം.
“ഞാൻ പിണറായി വിജയനോട് വിനയപൂർവം അഭ്യർത്ഥിക്കുന്നു. നിങ്ങൾ 41 ദിവസം വ്രതമെടുക്കണം, മാലയിട്ട്. എന്നിട്ട്, 41ആം ദിവസം ശബരിമലയിലേക്ക് പോകണം. 18 പടികൾ ചവിട്ടണം. അയ്യപ്പനെ കണ്ട് സമസ്താപരാധങ്ങളും പൊറുത്തു എന്ന് പറയണം. ഇല്ലെങ്കിൽ, നിങ്ങളുടെ പാർട്ടി ഒരു തെരഞ്ഞെടുപ്പിലും കേരളത്തിൽ ജയിക്കാൻ പോകുന്നില്ല. കാരണം, അയ്യപ്പ കോപം ഇവർക്കുണ്ട്. കേരളം വിശ്വാസികളുടെ നാടാണ്. നിരീശ്വരവാദികളുടെ നാടല്ല. അതുകൊണ്ട് നിരീശ്വരവാദികളായ കമ്മ്യൂണിസ്റ്റുകാർക്ക്, ഈശ്വരവിശ്വാസികളല്ലാത്ത കമ്മ്യൂണിസ്റ്റുകാർക്ക് സുപ്രീം കോടതിയുടെ വിധിയിൽ ശബരിമലയെ അട്ടിമറിക്കാൻ വളരെ ഹീനമായ നാടകം കളിച്ച പിണരായി വിജയന് അയ്യപ്പൻ കൊടുത്ത പണിയാണ് ഈ പണി”- ഉണ്ണിത്താൻ പറഞ്ഞു.
കാസർഗോഡ് മണ്ഡലത്തിൽ എൽഡിഫ് സ്ഥാനാർഥി കെപി സതീഷ് ചന്ദ്രനെ 40438 വോട്ടുകളുടെ വൻ ഭൂരിപക്ഷത്തോടെയാണ് രാജ്മോഹൻ ഉണ്ണിത്താൻ മറികടന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here