പതിനാലാം കേരള നിയമസഭയുടെ പതിനഞ്ചാം സമ്മേളനത്തിന് നാളെ തുടക്കമാകും

പതിനാലാം കേരള നിയമസഭയുടെ പതിനഞ്ചാം സമ്മേളനത്തിന് നാളെ തുടക്കമാകും. ബജറ്റ് പാസാക്കല്‍ ഉള്‍പ്പെടെയുള്ള ചര്‍ച്ചകളാണ് പ്രധാന അജണ്ട. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നേടിയ മിന്നുന്ന വിജയത്തിന്റെ കരുത്തുമായാണ് പ്രതിപക്ഷം സഭയിലെത്തുന്നത്. ജൂലൈ അഞ്ചുവരെയാണ് സഭ സമ്മേളിക്കുക.
കഴിഞ്ഞ സഭാ സമ്മേളനത്തില്‍ ബജറ്റ് അവതരിപ്പിച്ചെങ്കിലും ലോക്‌സഭാ തെരഞ്ഞെടുപ്പ് തിരക്കുകള്‍ കാരണം വോട്ട് ഓണ്‍ അക്കൗണ്ട് പാസാക്കി സഭ പിരിയുകയായിരുന്നു. സമ്പൂര്‍ണ ബജറ്റ് പാസാക്കലാണ് ഈ സഭാ സമ്മേളനത്തിന്റെ പ്രധാന അജണ്ട. ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം ചേരുന്ന ആദ്യ സമ്മേളനമായതിനാല്‍
ഭരണ-പ്രതിപക്ഷ വാക് പോരിനും സഭാതലം വേദിയാകും. തെരഞ്ഞെടുപ്പിലെ വമ്പന്‍ വിജയത്തിന്റെ ഊര്‍ജവുമായാണ് പ്രതിപക്ഷം സഭയിലെത്തുന്നത്.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇടതു മുന്നണിക്കേറ്റ തിരിച്ചടി സംസ്ഥാന ഭരണത്തിനെതിരായ ജനവികാരമാണെന്നും ഇത് മാനിച്ച് രാജിവെക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്നുമുള്ള ആവശ്യം പ്രതിപക്ഷം സഭയിലുമുന്നയിക്കും. ദേശീയ തലത്തില്‍ കോണ്‍ഗ്രസിനേറ്റ തിരിച്ചടിയും അമേഠിയിലെ രാഹുല്‍ ഗാന്ധിയുടെ പരാജയവും ഉയര്‍ത്തിക്കാട്ടിയാകും ഭരണപക്ഷം ഇതിനെ പ്രതിരോധിക്കുക. പ്രളയാനന്തര പുനര്‍നിര്‍മ്മാണത്തിലെ മെല്ലെപ്പോക്കും പ്രളയവുമായി ബന്ധപ്പെട്ട അമിക്യസ് ക്യൂറി റിപ്പോര്‍ട്ടും കിഫ്ബി മസാല ബോണ്ടുമെല്ലാം സര്‍ക്കാരിനെതിരെ പ്രതിപക്ഷം സഭയില്‍ ആയുധമാക്കും. കിഫ്ബി മസാല ബോണ്ട് വഴിയുണ്ടായ ഗുണങ്ങളും പ്രളയാനന്തര പുനര്‍നിര്‍മ്മാണത്തില്‍ തുടങ്ങിവെച്ച പദ്ധതികളും വിശദീകരിച്ച് പ്രതിപക്ഷ ആരോപണങ്ങളെ തടുക്കാന്‍ ഭരണപക്ഷവും തയ്യാറെടുത്തിട്ടുണ്ട്. ചുരുക്കത്തില്‍ ഭരണ-പ്രതിപക്ഷ വാക്‌പോരില്‍ സഭാ സമ്മേളനം പ്രക്ഷുബ്ധമാകുന്നുമെന്നുറപ്പ്. നാളെ ആരംഭിക്കുന്ന സഭാ സമ്മേളനം ജൂലൈ അഞ്ചിന് സമാപിക്കും. റംസാന്‍ പ്രമാണിച്ച് ജൂണ്‍ ആദ്യവാരം സഭ ചേരില്ല.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here