രാഹുൽ ഗാന്ധിയുടെ രാജി പ്രവർത്തക സമിതി തള്ളി

ലോക്സഭാ തെരഞ്ഞെടുപ്പിലെ കൂറ്റൻ തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിസന്നദ്ധത അറിയിച്ച രാഹുൽ ഗാന്ധിയെ തള്ളി കോൺഗ്രസ് പ്രവർത്തക സമിതി. രാഹുലിന്റെ നേതൃത്വം പാർട്ടിക്ക് അനിവാര്യമാണെന്നും പ്രവർത്തകസമിതി യോഗം വിലയിരുത്തി.
നേരത്തെ ഫലം പുറത്തു വന്ന അന്ന് തന്നെ രജിസന്നദ്ധത അറിയിച്ച രാഹുൽ ഇന്ന് പാർട്ടി ആസ്ഥാനത്ത് നടന്ന പ്രവർത്തക സമിതി യോഗത്തിലും ഇക്കാര്യം ആവർത്തിച്ചു. എന്നാൽ രാഹുൽ രാജിവയ്ക്കേണ്ടതില്ലെന്ന് നേതാക്കൾ ഒറ്റക്കെട്ടായി തീരുമാനിക്കുകയായിരുന്നു. സംഘടനയിൽ സമൂലമാറ്റത്തിനും യോഗം രാഹുലിനെ ചുമതലപ്പെടുത്തി.
കോൺഗ്രസ് ക്രിയാത്മക പ്രതിപക്ഷമായി തുടരുമെന്ന് എഐസിസി ആസ്ഥാനത്ത് നടന്ന വാർത്തസമ്മേളനത്തിൽ വക്താവ് രണ്‍ദീപ് സുർജെവാല പറഞ്ഞു. എ.കെ. ആന്റണി, കെ.സി. വേണുഗോലാൽ, ഗുലാം നബി ആസാദ് തുടങ്ങിയ മുതിർന്ന നേതാക്കൾ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
തോൽവി വിശദമായി പരിശോധിക്കുമെന്ന് ആന്റണി പറഞ്ഞു. ഇപ്പോൾ രാജിവയ്ക്കുന്നത് താഴേത്തട്ടിലുള്ള പ്രവർത്തകർക്ക് നല്ല സന്ദേശം നൽകില്ലെന്നും തീരുമാനം മാറ്റണമെന്നും സോണിയാഗാന്ധി രാഹുലിനോട് നേരത്തേ ആവശ്യപ്പെട്ടിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here