‘മകൾ ഒരു പോരാളി; അവളാണെന്റെ ശക്തി’: അർബുദം ബാധിച്ച് മരണപ്പെട്ട മകളെപ്പറ്റി ആസിഫ് അലിയുടെ കുറിപ്പ്

അർബുദം ബാധിച്ച് മരണപ്പെട്ട മകളെപ്പറ്റി പാക് താരം ആസിഫ് അലിയുടെ കുറിപ്പ്. മകളുടെ അന്ത്യ കർമ്മങ്ങൾക്കു ശേഷം ലോകകപ്പ് മത്സരങ്ങൾക്കായി തിരികെ പാക്ക് ടീമിനൊപ്പം ചേർന്ന ആസിഫ് ട്വിറ്ററിലാണ് നീണ്ട കുറിപ്പെഴുതിയത്. മകളുടെ ചികിത്സക്കായി ഒപ്പം നിന്ന ഡോക്ടർമാർക്കും സുഹൃത്തുക്കൾക്കുമൊക്കെ നന്ദി അറിയിച്ചു കൊണ്ടാണ് ആസിഫിൻ്റെ കുറിപ്പ്.

“നമ്മളെല്ലാം ദൈവത്തിൻ്റെ ഭാഗമാണ്. ഒരിക്കൽ അവിടേക്ക് മടങ്ങേണ്ടവരാണ്. ഇത്രയും ക്ലേശകരമായ ഈ സമയത്ത് എനിക്കും കുടുംബത്തിനും പിന്തുണ നൽകിയ എല്ലാവർക്കും ഞാൻ നന്ദി അറിയിക്കുന്നു. എൻ്റെ മകളുടെ ഡോക്ടർമാർക്കും മറ്റ് നഴ്സിംഗ്, സ്പ്പോർട്ട് സ്റ്റാഫുകൾക്കും നന്ദി. എൻ്റെ കുഞ്ഞിന് അളവറ്റ സ്നേഹവും കരുതലും പ്രാർത്ഥനയും നൽകിയ പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ്, യുഎസ് എംബസി, യുഎസ് കോൺസുലേറ്റ് ജനറൽ, പാക്കിസ്ഥാൻ എംബസി, റോച്ചസ്റ്ററിലെ മായോ ക്ലിനിക്ക്, മിന്നസോട്ടയിലെ പാക്കിസ്ഥാനി സമൂഹം, മാധ്യമ സുഹൃത്തുക്കൾ, എൻ്റെ കുടുംബം, എൻ്റെ ആരാധകർ എന്നിവർക്കെല്ലാം എൻ്റെ നന്ദി അറിയിക്കുന്നു. സഹ താരങ്ങൾ, കോച്ചിംഗ് സ്റ്റാഫ് എന്നിവരും ഈ കാലയളവിൽ എന്നെ പിന്തുണച്ചു. എല്ലാവർക്കും ഞാൻ നന്ദി അറിയിക്കുന്നു.

ദുഅ ഫാത്തിമയെ ഒരു പോരാളിയായാണ് ഞാൻ കാണുന്നത്. അവളായിരുന്നു എൻ്റെ ശക്തിയും പ്രചോദനവും. അവളുടെ ഓർമ്മകൾ എന്നോടൊപ്പം എന്നും ഉണ്ടാകും. ഒരിക്കൽ കൂടി എൻ്റെ രാജകുമാരിക്ക് വേണ്ടി പ്രാർത്ഥിക്കാൻ ഞാൻ നിങ്ങളോട് അപേക്ഷിക്കുന്നു”- ആസിഫ് കുറിച്ചു.

കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു പാക്ക് ക്രിക്കറ്റ് താരം ആസിഫ് അലിയുടെ രണ്ട് വയസ്സുള്ള മകൾ ദുഅ ഫാത്തിമ അർബുദം ബാധിച്ച് മരണപ്പെട്ടത്. അമേരിക്കയിൽ വിദഗ്ധ ചികിത്സ നടത്തി വരവേ മരണമടയുകയായിരുന്നു. തുടർന്ന് ഇംഗ്ലണ്ടിനെതിരെ നടന്ന പരമ്പരയ്ക്കിടയിൽ വെച്ച് താരം നാട്ടിലേക്ക് മടങ്ങിയിരുന്നു.‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top