വിവാദങ്ങളിൽ മനംമടുത്തു; ക്രിക്കറ്റിൽ നിന്ന് വിട്ടു നിൽക്കാൻ ആഗ്രഹിച്ചിരുന്നെന്ന് ഹർമൻപ്രീത് കൗർ

ടി-20 ലോകകപ്പിനിടെയുണ്ടായ വിവാദങ്ങളിൽ മനംമടുത്ത് അനിശ്ചിതകാലത്തേക്ക് ക്രിക്കറ്റിൽ നിന്ന് വിട്ടു നിൽക്കാൻ തൻ ആഗ്രഹിച്ചിരുന്നുവെന്ന് ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ. താൻ മാനസികമായി ആ സമയത്ത് ആകെ തളർന്നു പോയെന്നും അതുകൊണ്ട് കുറേ നാൾ മാറി നിൽക്കാൻ തയ്യാറെടുത്തിരുന്നും ഹർമൻ പറഞ്ഞു. ക്രിക്കിൻഫോയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു ഹർമൻ്റെ വെളിപ്പെടുത്തൽ.

എന്നാൽ ഇതിനു ശേഷം നടന്ന ന്യൂസിലൻഡ് പര്യടനത്തിനിടെ കാൽക്കുഴക്ക് പരിക്കേറ്റ ഹർമൻ കുറച്ചധികം നാൾ ടീമിനു പുറത്തായിരുന്നു. അതോടെ തനിക്ക് ആവശ്യമായ വിശ്രമം ലഭിച്ചുവെന്നും മാനസികമായി താൻ സ്ഥിരത കൈവരിച്ചുവെന്നും ഹർമൻ പറഞ്ഞു.

കഴിഞ്ഞ വർഷം വെസ്റ്റ് ഇൻഡീസിൽ നടന്ന ടി-20 ലോകകപ്പ് സെമി ഫൈനലിൽ ഇംഗ്ലണ്ടിനെതിരെ സ്റ്റാർ ബാറ്റർ മിതാലി രാജിനെ ടീമിൽ ഉൾപ്പെടുത്താതിരുന്നത് വ്യാപകമായ വിമർശനങ്ങൾക്ക് വഴി വെച്ചിരുന്നു. ഈ സംഭവത്തോടെ ഹർമനും മിതാലിയുമായുള്ള ബന്ധത്തിലും വിള്ളൽ വന്നിരുന്നു. ഈ വിവാദത്തിൽ കുരുങ്ങിയാണ് ഇന്ത്യൻ കോച്ച് രമേശ് പവാർ തെറിച്ചത്. ഈ സംഭവങ്ങൾ തന്നെ മാനസികമായി തളർത്തിയിരുന്നു എന്നാണ് ഹർമൻ്റെ പ്രതികരണം.


‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top