‘പ്രിയപ്പെട്ടവർ മരണപ്പെടുന്നത് നമ്മെ തളർത്തിക്കളയും’; ആസിഫ് അലിയെ സാന്ത്വനിപ്പിച്ച് സച്ചിൻ തെണ്ടുൽക്കർ

രണ്ട് വയസ്സുകാരിയായ മകൾ അർബുദം ബാധിച്ചു മരണപ്പെട്ട പാക്ക് ക്രിക്കറ്റർ ആസിഫ് അലിക്ക് സാന്ത്വനവുമായി ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കർ. ടെലഗ്രാഫിനു നൽകിയ അഭിമുഖത്തിലാണ് സച്ചിൻ ആസിഫിനു സാന്ത്വനവുമായി രംഗത്തെത്തിയത്. ലോകകപ്പിൽ മകളെപ്പറ്റിയുള്ള ചിന്ത മാറ്റി വെച്ച് രാജ്യത്തിനായി നല്ല പ്രകടനം കാഴ്ച വെക്കണമെന്നും സച്ചിൻ പറഞ്ഞു.

“വളരെ അടുത്ത ഒരു കുടുംബാംഗം മരണപ്പെടുന്നത് നമ്മെ തളർത്തിക്കളയും. ഞാൻ ആസിഫ് അലിക്കും കുടുംബാംഗങ്ങൾക്കും അനുശോചനമറിയിക്കുന്നു. അത്തരം മരണങ്ങൾ തീരാ നഷ്ടമാണ്. ലോകകപ്പിനായി ഇംഗ്ലണ്ടിലേക്ക് തിരിച്ചെത്തുമ്പോൾ മരണപ്പെട്ടു പോയ മകളെപ്പറ്റിയുള്ള ചിന്ത മാറ്റി വെക്കണം.” സച്ചിൻ പറഞ്ഞു.

“ഞാൻ ഇതെൻ്റെ സ്വന്തം അനുഭവത്തിൽ നിന്നാണ് പറയുന്നത്. 1999 ലോകകപ്പിലാണ് എനിക്കെൻ്റെ പിതാവിനെ നഷ്ടമായത്. അന്ത്യകർമ്മങ്ങൾക്കായി എനിക്ക് തിരികെ വരേണ്ടി വന്നു. അത് കഴിഞ്ഞ ലോകകപ്പിലേക്ക് തിരികെയെത്തിയെങ്കിലും ആ ഓർമ്മകൾ എന്നെ വിട്ടു പോയില്ല. അതിന് ഒരുപാട് സമയമെടുത്തു.”- സച്ചിൻ കൂട്ടിച്ചേർത്തു.

ഇംഗ്ലണ്ടില്‍ നടന്ന ലോകകപ്പിനിടെയായിരുന്നു സച്ചിന് സ്വന്തം പിതാവിനെ നഷ്ടമായത്. പിതാവിന്റെ മരണാനന്തര ചടങ്ങുകള്‍ക്ക് ശേഷം ലോകകപ്പ് സംഘത്തില്‍ തിരിച്ചെത്തിയ സച്ചിന്‍ തൊട്ടടുത്ത മത്സരത്തില്‍ കെനിയക്കെതിരെ 101 പന്തുകളില്‍ നിന്ന് 140 റൺസ് നേടുകയും ചെയ്തിരുന്നു.‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top