“ആരാധകർക്ക് ഒരു ഐഎസ്എൽ കിരീടത്തിന്റെ കടം ഇപ്പോഴും എനിക്കുണ്ട്”; ബ്ലാസ്റ്റേഴ്സിലേക്ക് തിരികെ വരാൻ ആഗ്രഹം പ്രകടിപ്പിച്ച് ഹോസു

കേരള ബ്ലാസ്റ്റേഴ്സിലേക്ക് തിരികെ വരാൻ ആഗ്രഹമുണ്ടെന്ന് ആരാധകരുടെ പ്രിയപ്പെട്ട താരം ഹോസു കുരിയാസ്. തനിക്കിപ്പോഴും ഒരു ഐഎസ്എൽ കിരീടത്തിൻ്റെ കടം ആരാധകർക്ക് നൽകാനുണ്ടെന്നും അത് സാധിക്കാൻ തിരികെ വരാനാണ് തൻ്റെ ആഗ്രഹമെന്നും ഹൊസു പറഞ്ഞു.
രണ്ട് വർഷം ബ്ലാസ്റ്റേഴ്സിനായി ബൂട്ടണിഞ്ഞ ഹോസുവിൻ്റെ മികവിലാണ് 2016ൽ ബ്ലാസ്റ്റേഴ്സ് ഫൈനലിലെത്തിയത്. എന്നാൽ സസ്പെൻഷൻ കാരണം സ്പാനിഷ് താരത്തിന് ഫൈനലിൽ ഇറങ്ങാൻ കഴിഞ്ഞിരുന്നില്ല. പെനൽട്ടി ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരത്തിൽ എടികെ കിരീടം സ്വന്തമാക്കുകയായിരുന്നു. അതാണ് തൻ്റെ കടമായി ഹോസു കരുതുന്നത്.
ബാഴ്സലോണ അണ്ടർ-18 താരമായ ഹോസു ബ്ലാസ്റ്റേഴ്സ് വിട്ടതിനു ശേഷം പല ക്ലബുകളിലും കളിച്ചെങ്കിലും മഞ്ഞപ്പടയെയും ബ്ലാസ്റ്റേഴ്സിനെയും സ്നേഹിക്കുന്നുണ്ട്. താരത്തിൻ്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ അതിനു തെളിവാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here