കേന്ദ്രത്തിൽ തൂക്ക് മന്ത്രിസഭ വരണമെന്നാണ് പ്രാർത്ഥിച്ചിരുന്നതെന്ന് ജഗൻ മോഹൻ റെഡ്ഡി

ഇത്തവണ കേന്ദ്രത്തിൽ തൂക്ക് മന്ത്രിസഭ അധികാരത്തിൽ വരണമെന്നാണ് താൻ പ്രാർത്ഥിച്ചിരുന്നതെന്ന്  ആന്ധ്രാപ്രദേശ് നിയുക്ത മുഖ്യമന്ത്രിയും വൈഎസ്ആർ കോൺഗ്രസ് നേതാവുമായ ജഗൻമോഹൻ റെഡ്ഡി. ഒരു രാഷ്ട്രീയ പാർട്ടിക്കും 250 ൽ കൂടുതൽ സീറ്റുകൾ ലഭിക്കരുതെന്നായിരുന്നു തന്റെ പ്രാർത്ഥനയെന്നും ജഗൻ മോഹൻ വ്യക്തമാക്കി.

ഒരു പാർട്ടിക്കും വ്യക്തമായ ഭൂരിപക്ഷമില്ലാതെ തൂക്കുമന്ത്രിസഭ വരണമെന്നായിരുന്നു തന്റെ പ്രാർത്ഥന. അങ്ങനെ വന്നാൽ മാത്രമേ പ്രാദേശിക പാർട്ടികൾക്ക് പ്രാധാന്യം ലഭിക്കുകയുള്ളൂവെന്നും ജഗൻ മോഹൻ ചാനൽ അഭിമുഖത്തിൽ പറഞ്ഞു.
ലോക്‌സഭാ തെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പും ഒരുമിച്ച് നടന്ന ആന്ധ്രപ്രദേശിൽ രണ്ടു തെരഞ്ഞെടുപ്പുകളിലും മികച്ച വിജയമാണ് ജഗൻ മോഹൻ റെഡ്ഡിയുടെ വൈ.എസ്.ആർ കോൺഗ്രസ് നേടിയത്.

175 സീറ്റുകളുള്ള ആന്ധ്ര നിയമസഭയിൽ 151 സീറ്റുകളുമായാണ് വൈ.എസ്.ആർ കോൺഗ്രസ് അധികാരത്തിലേക്കെത്തുന്നത്. നിലവിലെ ഭരണകക്ഷിയായിരുന്ന ടിഡിപിയ്ക്ക് 23 സീറ്റുകൾ നേടാൻ മാത്രമേ കഴിഞ്ഞുള്ളൂ. ലോക്‌സഭാ തെരഞ്ഞെടുപ്പിലും മികച്ച മുന്നേറ്റമാണ് വൈഎസ്ആർ കോൺഗ്രസ് കാഴ്ച വെച്ചത്. 25 മണ്ഡലങ്ങളിൽ 22 ലും വൈഎസ്ആർ കോൺഗ്രസിനാണ് ജയം.


‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top