ശബരിമലയിലെ സുരക്ഷാവീഴ്ച്ച പരിഹരിക്കാൻ ശബരിമല ഉന്നതാധികാര സമിതിയുടെ തീരുമാനം; 24 ഇംപാക്ട്

ശബരിമലയിലെ സുരക്ഷാവീഴ്ച പരിഹരിക്കാൻ ശബരിമല ഉന്നതാധികാര സമിതിയുടെ തീരുമാനം. അഗ്‌നിശമന രക്ഷാസേന നിർദ്ദേശിച്ച സുരക്ഷാ മനദണ്ഡങ്ങൾ ഏർപ്പെടുത്തും. അരവണ പ്ലാന്റിലുൾപ്പെടെ കൂടുതൽ അഗ്‌നിശമന ഉപകരണങ്ങൾ സ്ഥാപിക്കാനും ജസ്റ്റിസ് സിരിജഗന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതാധികാര സമിതി യോഗം തീരുമാനിച്ചു. ട്വൻറിഫോർ ഇംപാക്ട്.
ശബരിമലയിൽ അതീവഗുരുതരമായ സുരക്ഷാ വീഴ്ചയാണുള്ളതെന്നും ഏതെങ്കിലും സാഹചര്യത്തിൽ തീപിടുത്തമുണ്ടായാൽ സ്ഥിതി ഗുരതരമാകുമെന്നും അഗ്‌നിശമന രക്ഷാസേന പരിശോധനയിൽ കണ്ടെത്തിയിരുന്നു. സേന നടത്തിയ പരിശോധനയുടെ റിപ്പോർട്ട് കഴിഞ്ഞ ദിവസം 24 പുറത്തുവിട്ടു. തുടർന്നാണ് ശബരിമല ഉന്നതാധികാര സമിതി ഇക്കാര്യത്തിൽ നടപടിയെടുക്കാൻ തീരുമാനിച്ചത്. അഗ്‌നിശമന രക്ഷാ സേന നിർദ്ദേശിക്കുന്ന എല്ലാ കാര്യങ്ങളും സന്നിധാനത്തും പമ്പയിലും നിലയ്ക്കലിലും ഒരുക്കും. അരവണ. അപ്പം പ്ലാന്റുകളിൽ ആവശ്യത്തിനു അഗ്‌നിശമന ഉപകരണങ്ങൾ സ്ഥാപിക്കും. കൂടുതൽ വാതിലുകളും വെന്റിലേഷനും ഒരുക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ്് എ.പത്മകുമാർ പറഞ്ഞു.
നിലവിലുള്ള അനാവശ്യ കെട്ടിടങ്ങൾ പൊളിക്കുന്നതോടെ കൂടുതൽ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കാൻ കഴിയുമെന്നാണ് ഉന്നതാധികാര സമിതിയുടെ വിലയിരുത്തൽ. മാസ്റ്റർപ്ലാൻ നടപ്പാക്കി തുടങ്ങുന്നതോടെ അഗ്‌നിശമന രക്ഷാ സേനയുടെ നിർദ്ദേശം പൂർണമായും നടപ്പാക്കും. ഇതിനു നിലവിൽ തടസമായി നിൽക്കുന്നത് അനധികൃത നിർമ്മാണമാണ്. ഡീസൽ സ്‌റ്റോറേജ് പ്ലാന്റ്, പാചകവാത സംഭരണശാല എന്നിവിടങ്ങളിൽ അടിയന്തരമായി സുരക്ഷ വർധിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here