മാഞ്ചസ്റ്റർ യുണൈറ്റഡിനായി വീണ്ടും ബൂട്ടണിഞ്ഞ് മുൻ ബ്ലാസ്റ്റേഴ്സ് താരം വെസ് ബ്രൗൺ: വീഡിയോ

തൻ്റെ മുൻ ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡിനു വേണ്ടി വീണ്ടും ബൂട്ടണിഞ്ഞ് വെസ് ബ്രൗൺ. 1999ലെ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ കളിച്ച മാഞ്ചസ്റ്റർ യുണൈറ്റഡ് ബയേൺ ടീമുകൾ തമ്മിൽ നടന്ന മത്സരത്തിലാണ് വെസ് ബ്രൗൺ കളത്തിലിറങ്ങിയത്. 20 വർഷങ്ങൾക്കു ശേഷം നടന്ന മത്സരത്തിൽ എതിരില്ലാത്ത അഞ്ചു ഗോളുകൾക്ക് മാഞ്ചസ്റ്റർ യുണൈറ്റഡ് വിജയിച്ചു.
യുണൈറ്റഡിൻ്റെ ഇതിഹാസ പരിശീലകൻ സർ അലക്സ് ഫെർഗൂസനു കീഴിലിറങ്ങിയ യുണൈറ്റഡിനു വേണ്ടി ഡേവിഡ് ബെക്കാം, ഗാരി നെവിൽ, പീറ്റർ ഷ്മൈക്കിൾ, ആൻഡി കോൾ, ലൂയിസ് സഹാ, ടെഡി ഷെറിംഗ്‌ഹാം, യുണൈറ്റഡിൻ്റെ നിലവിലെ പരിശീലകൻ ഒലേ ഗണ്ണർ സോൾഷ്യാർ, വെസ് ബ്രൗൺ തുടങ്ങിയവരാണ് കളത്തിലിറങ്ങിയത്. രണ്ടാം പകുതിയിലാണ് വെസ് ബ്രൗൺ വീണ്ടും ഓൾഡ് ട്രാഫോർഡിൽ പന്തു തട്ടിയത്. ലോതർ മത്തേവൂസ്, സീ റോബർട്ടോ തുടങ്ങിയവരാണ് ബയേണിനു വേണ്ടി ഇറങ്ങിയത്.
സോൾഷ്യാർ, യൂത്ത് ടീമിന്റെ ഇപ്പോഴത്തെ പരിശീലകനും പഴയ യുണൈറ്റഡ് മിഡ്ഫീൽഡറുമായ നിക്കി ബട്ട്, ഫ്രഞ്ച് താരം സാഹ, യോർക്ക് തുടങ്ങിയവരാണ് യുണൈറ്റഡ് സ്കോറർമാർ. ഡേവിഡ് ബെക്കാം നേടിയ സോളോ ഗോൾ വേറിട്ടു നിന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here