‘ചുഞ്ചു നായർ കുടുംബത്തിലെ റാണി, ജാതിയുമായി പേരിന് ബന്ധമില്ല’: വിശദീകരണവുമായി കുടുംബം

സോഷ്യൽ മീഡിയയിൽ ഏറെ പരിഹാസങ്ങൾക്കിടയാക്കിയതായിരുന്നു പൂച്ചക്ക് ജാതിപ്പേര് നൽകിയ സംഭവം. വളർത്ത് പൂച്ചയുടെ ചരമദിനത്തിൽ ഉടമകൾ നൽകിയ പത്രപരസ്യമാണ് ചർച്ചകൾക്കിടയാക്കിയത്. സംഭവം ട്രോളുകൾക്കിടയാക്കിയതോടെ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ‘ചുഞ്ചു നായരുടെ’ ഉടമകൾ. പൂച്ച കുടുംബത്തിലെ റാണിയായിരുന്നുവെന്നും ജാതിയുമായി പേരിന് ബന്ധമില്ലെന്നുമാണ് ഉടമകൾ നൽകുന്ന വിശദീകരണം.

പൂച്ചയുടെ ചരമ ദിനത്തിൽ ഒരു ദേശീയ പത്രത്തിൽ നൽകിയ പരസ്യമാണ് വിവാദമായത്. ആ പത്രത്തിന് തന്നെ നൽകിയ അഭിമുഖത്തിലാണ് കുടുംബാംഗങ്ങൾ വിശദീകരണം നൽകിയിരിക്കുന്നത്. കുടുംബത്തിലെ പല കാര്യങ്ങളും തീരുമാനിച്ചിരുന്നത് പൂച്ചയായിരുന്നുവെന്നും അവൾ തങ്ങളുടെ റാണിയായിരുന്നുവെന്നുമൊക്കെയാണ് നവി മുംബൈയിൽ സ്ഥിര താമസമാക്കിയ മലയാളികളായ പൂച്ചയുടെ ഉടമകൾ പറയുന്നത്. തങ്ങൾക്ക് അവൾ ഇളയ മകളെ പോലെയായിരുന്നു. അതിനാലാണ് വംശനാമം നൽകിയത്. ആ നാൽക്കാലിയും തങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ തീവ്രത ഒരുപക്ഷേ ആർക്കും മനസിലാകില്ല. പരിഹാസ രൂപേണ ഇറങ്ങിയിരിക്കുന്ന ട്രോളുകൾ വളരെയധികം വേദനിപ്പിക്കുന്നുണ്ടെന്നും ഉടമകൾ വ്യക്തമാക്കുന്നു.

ഏകദേശം പതിനെട്ട് വർഷത്തോളം ചുഞ്ചു തങ്ങൾക്കൊപ്പം ഉണ്ടായിരുന്നു. വാർദ്ധക്യ കാലത്തായിരുന്നു അതിന്റെ മരണം. ഇത്രയും നാളുകൾ സാധാരണ പൂച്ചകൾ ജീവിക്കാറില്ല. വളരെ സ്‌നേഹിക്കപ്പെട്ട ചുറ്റുപാടായതിനാലാണ് പൂച്ച ഇത്രയും നാൾ ജീവിച്ചിരുന്നതെന്നാണ് ഡോക്ടർമാർ പറയുന്നത്. ഉയർന്ന ശുചിത്വബോധം ഉണ്ടായിരുന്ന പൂച്ചയായിരുന്നുവെന്നും അത് ആരും പരിശീലിപ്പിച്ചതല്ലെന്നും ഉടമകൾ പറയുന്നു. അതേസമയം, ഉടമകളെ സംബന്ധിച്ച മറ്റു വിവരങ്ങൾ പത്രം പുറത്തുവിട്ടിട്ടില്ല.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More