Advertisement

കോൺഗ്രസ്സ് നേതൃയോഗവും രാഷ്ട്രീയകാര്യ സമിതിയും ഇന്ന് തിരുവനന്തപുരത്ത്

May 28, 2019
0 minutes Read

കോൺഗ്രസ്സ് നേതൃയോഗവും രാഷ്ട്രീയകാര്യ സമിതിയും ഇന്ന് തിരുവനന്തപുരത്ത് ചേരും. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ വമ്പൻ വിജയത്തിനു പിന്നാലെ സംഘടനയെ ശക്തിപ്പെടുത്താനുളള നടപടികൾ കോൺഗ്രസ്സ് നേതൃത്വം ആലോചിക്കും. പാർട്ടി പുനഃസംഘടനയുമായി ബന്ധപ്പെട്ട പ്രാഥമിക ചർച്ചകളും ഇന്നത്തെ യോഗത്തിലുണ്ടാകും.

ലോക്‌സഭാ തെരഞ്ഞെടുപ്പിന് പിന്നാലെ പുനഃസംഘടനാ ചർച്ചകളിലേക്ക് കടക്കുകയാണ് കോൺഗ്രസ്സ് നേതൃത്വം. പുതിയ നേതൃത്വത്തിന് കീഴിൽ അടുത്ത തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിനും നിയമസഭാ തെരഞ്ഞെടുപ്പിനുമായി സംഘടനയെ പാകപ്പെടുത്താനുളള ശ്രമത്തിലാണ് കെപിസിസി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രൻ. ഡൽഹി ചർച്ചകളിലായിരിക്കും പുനഃസംഘടന സംബന്ധിച്ച അന്തിമ തീരുമാനമുണ്ടാവുകയെങ്കിലും ഇന്ന് നടക്കുന്ന നേതൃയോഗങ്ങളിൽ ഇതുസംബന്ധിച്ച് പ്രാഥമിക ചർച്ചകൾ നടക്കും. ഒരാൾക്ക് ഒരു പദവിയെന്ന നിലപടിലാണ് കെപിസിസി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രനെന്നാണ് സൂചന. വർക്കിങ് പ്രസിഡന്റുമാരുളള സാഹചര്യത്തിൽ വൈസ് പ്രസിഡന്റുമാരുണ്ടാകില്ല.

കെ സുധാകരനും കൊടിക്കുന്നിൽ സുരേഷും ലോക്‌സഭാംഗങ്ങളായ സാഹചര്യത്തിൽ പുതിയ വർക്കിങ് പ്രസിഡന്റുമാരെ നിയമിച്ചേക്കും. എം ഐ ഷാനവാസിന് പകരക്കാരനെയും കണ്ടെത്തണം. ബെന്നി ബഹനാൻ എം പിയായ സാഹചര്യത്തിൽ പുതിയ യുഡിഎഫ് കൺവീനറെയും നിയമിക്കണം. എം എം ഹസൻ, കെ വി തോമസ് എന്നിവരെയാണ് പ്രാഥമികമായി ഈ സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. രാജ്യസഭാ ഉപാധ്യക്ഷ സ്ഥാനമൊഴിഞ്ഞ പി ജെ കുര്യനും സംസ്ഥാന രാഷ്ട്രീയത്തിൽ സജീവമായേക്കും. യൂത്ത് കോൺഗ്രസ്സ് സംസ്ഥാന അധ്യക്ഷൻ ഡീൻ കുര്യാക്കോസ് എം പിയായ സാഹചര്യത്തിൽ യൂത്ത് കോൺഗ്രസ്സിനും പുതിയ ഭാരവാഹികൾ വരും. ഡിസിസി പ്രസിഡന്റുമാരായ ടി എൻ പ്രതാപനും വി കെ ശ്രീകണ്ഠനും ലോക്‌സഭയിലേക്ക് വിജയിച്ച പശ്ചാത്തലത്തിൽ തൃശ്ശൂരും പാലക്കാടും പുതിയ പ്രസിഡന്റുമാരെയും നിയമിക്കണം. ആലപ്പുഴയിൽ പരാജയപ്പെട്ട ഷാനിമോൾ ഉസ്മാന് കൂടുതൽ പരിഗണന നൽകണമെന്ന ആവശ്യം ഗ്രൂപ്പുകൾക്കതീതമായി പാർട്ടിയിലുണ്ട്. പുനഃസംഘടനാ വേളയിൽ ഇതും പാർട്ടി പരിഗണിച്ചേക്കും. ഡിസിസികളിലടക്കം ജംബോ കമ്മിറ്റികളെ ഒഴിവാക്കാനും സാധ്യതയുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top