മോദിയെ കോൺഗ്രസിലെ ആര് പ്രശംസിച്ചാലും തെറ്റാണെന്ന് കെ.മുരളീധരൻ

നരേന്ദ്രമോദിയെ കോൺഗ്രസിലെ ആര് പ്രശംസിച്ചാലും തെറ്റാണെന്നും അങ്ങനെ ഉണ്ടെങ്കിൽ കോൺഗ്രസ് രാഷ്ട്രീയ കാര്യസമിതി പരിശോധിക്കുമെന്നും കെ.മുരളീധരൻ. നരേന്ദ്രമോദിയെ പ്രശംസിച്ചുള്ള അബ്ദുള്ളക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ് തന്റെ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും കെ.മുരളീധരൻ പറഞ്ഞു. തുടർച്ചയായി രണ്ടാം തവണയും അധികാരത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാഴ്ത്തി കോൺഗ്രസ് നേതാവ് എ.പി അബ്ദുള്ളക്കുട്ടി നേരത്തെ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നു.
ഈ തെരഞ്ഞെടുപ്പ് ഫലം നരേന്ദ്രമോദിയുടെ ഭരണ തന്ത്രജ്ഞതയുടെ, വികസന അജണ്ടയുടെ അംഗീകാരം തന്നെയാണെന്നും മോദിയെ ജനപ്രിയനാക്കിയത് ഗാന്ധിയൻ മൂല്യം ഭരണത്തിൽ പ്രയോഗിച്ചു എന്നുള്ളതാണെന്നും അബ്ദുള്ളക്കുട്ടി ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കിയിരുന്നു. സ്വച്ഛ് ഭാരത് സ്‌കീമിൽ 9.16 കോടി കുടുംബങ്ങൾക്ക് ടോയ്‌ലറ്റ് നൽകിയതും 6 കോടി കുടുംബങ്ങൾക്ക് സൗജന്യമായി എൽപിജി ഗ്യാസ് കണക്ഷൻ നൽകിയതുമെല്ലാം അദ്ദേഹത്തെ പ്രിയങ്കരനാക്കിയെന്നും നരേന്ദ്രമോദിയെ വിമർശിക്കുമ്പോൾ ഈ യാഥാർത്ഥ്യങ്ങൾ വിസ്മരിക്കരുതെന്നും അബ്ദുള്ളക്കുട്ടിയുടെ ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here