തർക്കം തെരുവിലേക്ക്; പാലായിൽ യൂത്ത് ഫ്രണ്ടിന്റെ നേതൃത്വത്തിൽ ജോയ് എബ്രഹാമിന്റെ കോലം കത്തിച്ചു
അധികാര തർക്കത്തെ തുടർന്ന് കേരള കേരള കോൺഗ്രസ് വലിയ പൊട്ടിത്തെറിയിലേക്ക്. പാലായിൽ യൂത്ത് ഫ്രണ്ടുകാർ പാർട്ടി ജനറൽ സെക്രട്ടറി ജോയ് എബ്രഹാമിന്റെ കോലം കത്തിച്ചു. യൂത്ത് ഫ്രണ്ട് പാലാ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് യൂത്ത് ഫ്രണ്ട് പ്രവർത്തകർ കോലം കത്തിച്ച് പ്രതിഷേധിച്ചത്. ജോയ് എബ്രഹാമിന്റെ ചിത്രത്തിൽ ചെരുപ്പ് മാല അണിയിച്ചായിരുന്നു പ്രതിഷേധ പ്രകടനം.പി.ജെ ജോസഫ് പാർട്ടി ചെയർമാനാണെന്ന് കാണിച്ച് സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ജോയ് എബ്രഹാം നേരത്തെ തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകിയിരുന്നു.
Read Also; തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകിയത് ഗുരുതര അച്ചടക്ക ലംഘനമെന്ന് റോഷി അഗസ്റ്റിൻ
ഇതിനെതിരെ ജോസ് കെ മാണി പക്ഷം നേതാവായ റോഷി അഗസ്റ്റിൻ എംഎൽഎ രൂക്ഷവിമർശനവുമായി രംഗത്തെത്തുകയും ചെയ്തിരുന്നു. കത്ത് കൊടുത്തെങ്കിൽ ജോസഫിന്റേത് ഗുരുതരമായ അച്ചടക്ക ലംഘനമാണെന്ന് റോഷി അഗസ്റ്റിൻ മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് പാലായിൽ യൂത്ത് ഫ്രണ്ടുകാരുടെ പ്രതിഷേധം അരങ്ങേറിയത്.
കേരള കോൺഗ്രസ് പിളർപ്പിലേക്ക് നീങ്ങിയാൽ ഔദ്യോഗിക പക്ഷമെന്ന മുൻതൂക്കം കിട്ടുന്നതിന് വേണ്ടിയാണ് ജോസഫ് വിഭാഗം ഇന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകിയതെന്നാണ് മറുവിഭാഗത്തിന്റെ ആരോപണം. അച്ചടക്ക നടപടിയുണ്ടായാൽ വിമതവിഭാഗമായി പുറത്തു പോകേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കുന്നതിനായി ജോസ് കെ മാണി വിഭാഗവും കരുക്കൾ നീക്കുന്നുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here