സിഡിറ്റിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിന് ഫലപ്രദമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട് : മുഖ്യമന്ത്രി

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷംസിഡിറ്റിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിന് ഫലപ്രദമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. അതിന്റെ ഫലമായി സ്ഥാപനത്തിന്റെ വാര്‍ഷിക വരുമാനം 2011-16 ലെ ശരാശരിയായ 36.73കോടി രൂപയില്‍ നിന്ന് 68 കോടി രൂപയായി വര്‍ധിപ്പിക്കാന്‍ കഴിഞ്ഞു.
സര്‍ക്കാര്‍ വകുപ്പുകള്‍ക്കായി നടപ്പാക്കിവരുന്ന പദ്ധതികളൊന്നും സിഡിറ്റില്‍ നിന്ന് മാറ്റിയിട്ടില്ല. കെ.സി. ജോസഫ് എം.എല്‍.എയുടെ ശ്രദ്ധക്ഷണിക്കലിന് മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം നിയമസഭയില്‍ പറഞ്ഞത്.
വിവര സാങ്കേതികമേഖലയിലും കമ്മ്യൂണിക്കേഷന്‍ രംഗത്തും ഹോളോഗ്രാം നിര്‍മ്മാണത്തിലും നിരവധി പദ്ധതികളാണ് സിഡിറ്റ് നിര്‍വ്വഹിച്ചുപോരുന്നത്. സര്‍ക്കാര്‍ അംഗീകരിച്ച’ടോടൽ സൊല്യൂഷൻ പ്രൊവൈഡർ’ എന്ന നിലയില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ക്കും പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും വേണ്ടി വിവരവിനിമയ സാങ്കേതിക വിദ്യകളുടെ പ്രയോഗം അടിസ്ഥാനമാക്കി നിരവധി പദ്ധതികള്‍ സിഡിറ്റ് ചെയ്യുന്നുണ്ട്. സിഡിറ്റിന്റെ സാങ്കേതികശേഷി വര്‍ധിപ്പിക്കുന്നതിനായി11കോടി രൂപ കഴിഞ്ഞ രണ്ട് സാമ്പത്തികവര്‍ഷങ്ങളിലായി അനുവദിച്ചിട്ടുണ്ട്. ജീവനക്കാരുടെ മുടങ്ങിക്കിടന്ന രണ്ട് ശമ്പളപരിഷ്‌കരണം നടപ്പിലാക്കാനും കഴിഞ്ഞു.
വിവിധ വകുപ്പുകള്‍ക്കുവേണ്ടി വീഡിയോ ഡോക്യുമെന്റേഷന്‍ സിഡിറ്റാണ് നടത്തിവരുന്നത്. ആര്‍ക്കൈവ്‌സ്,രജിസ്‌ട്രേഷന്‍ വകുപ്പുകള്‍ക്കുവേണ്ടി ഡിജിറ്റലൈസേഷന്‍ ജോലികളും നിര്‍വ്വഹിച്ചു വരുന്നു. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വെബ്‌സൈറ്റ്,സോഷ്യല്‍ മീഡിയ,വിവിധ വകുപ്പുകളുടെ വെബ്‌സൈറ്റുകളുടെ പരിപാലനം എന്നിവയും സിഡിറ്റാണ് നിര്‍വ്വഹിക്കുന്നത്. വിവിധ സര്‍ക്കാര്‍ പരിപാടികളുടെ തത്സമയ വെബ്ബ് സ്ട്രീമിങ്ങും സിഡിറ്റിന്റെ ചുമതലയിലാണ്.
സംസ്ഥാന ബിവറേജസ് കോര്‍പ്പറേഷനു വേണ്ടിയുള്ള ഹോളോഗ്രാം ലേബല്‍ നിര്‍മ്മാണം,സംസ്ഥാനത്തെ എല്ലാ സര്‍വകലാശാലകള്‍ക്കും സംസ്ഥാനത്തിനു പുറത്തുള്ള ഇന്ത്യന്‍ നേവി ഉള്‍പ്പെടെയുള്ള വിവിധ സ്ഥാപനങ്ങള്‍ക്കും അതീവ സുരക്ഷാ സര്‍ട്ടിഫിക്കറ്റുകളും,ഐ.ഡി കാര്‍ഡുകളും നിര്‍മ്മിച്ച് നല്‍കല്‍,കേരള പബ്ലിക് സര്‍വീസ് കമ്മീഷനുവേണ്ടിയുള്ള ഓണ്‍ലെന്‍ പരീക്ഷാ സോഫ്റ്റ്‌വെയര്‍,എഴുത്തുപരീക്ഷയുടെ മൂല്യനിര്‍ണയം നടത്തുന്നതിനുള്ള സോഫ്റ്റ്‌വെയര്‍ വികസിപ്പിക്കല്‍ എന്നിവയും സിഡിറ്റ് വിജയകരമായി നടപ്പിലാക്കിവരുന്നു.
പ്രളയാനന്തരം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവനകള്‍ ലോകമെമ്പാടുനിന്നും ഓണ്‍ലൈനായി ശേഖരിക്കുന്നതിനുള്ള പോര്‍ട്ടല്‍ സിഡിറ്റാണ് വികസിപ്പിച്ചത്. സംസ്ഥാന സര്‍ക്കാരിന്റെ പുതിയ ഐ.ടി നയരേഖയ്ക്കനുസൃതമായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്,വെര്‍ച്വല്‍ റിയാലിറ്റി,സൈബര്‍ സെക്യൂരിറ്റി,ബിഗ് ഡാറ്റാ അനലിറ്റിക്‌സ് തുടങ്ങിയ നൂതന മേഖലകളില്‍ പ്രാവീണ്യം ആര്‍ജ്ജിക്കുന്നതിന് ഈ മേഖലകളിലെ പ്രമുഖ കമ്പനികളുമായി സാങ്കേതികവിദ്യാ സഹകരണത്തിനും പരിശീലനത്തിനും ഉള്ളടക്ക വികസനത്തിനും ഉള്ള പദ്ധതികള്‍ സിഡിറ്റ് ആവിഷ്‌കരിച്ചിട്ടുണ്ട്.
വിവരപൊതുജന സമ്പര്‍ക്ക വകുപ്പ് നിര്‍മ്മിക്കുന്ന’നാം മുന്നോട്ട്’എന്ന പ്രതിവാര ടെലിവിഷന്‍ പരിപാടിയുടെ സാങ്കേതിക സൗകര്യം ഒരുക്കിയിരുന്നത്സിഡിറ്റാണ്. സിഡിറ്റ് ഷൂട്ടിംഗ് നിര്‍വ്വഹിക്കുന്ന സംസ്ഥാന ഭാഗ്യക്കുറി നറുക്കെടുപ്പിന്റെ തല്‍സമയ സംപ്രേഷണം എല്ലാ ദിവസവും ഉള്ളതിനാല്‍ അതിനനുസൃതമായി’നാം മുന്നോട്ടി’ന്റെ ഷൂട്ടിംഗ് ക്രമീകരിക്കേണ്ട സാഹചര്യമുണ്ടായി. ഇതിനു പുറമെ,പരിപാടിയില്‍ ക്ഷണിക്കുന്ന അതിഥികള്‍ക്ക് കൂടി സൗകര്യപ്രദമാകുംവിധം നഗരപരിധിയില്‍ ഷൂട്ടിംഗ് ഫ്‌ളോറും ചിത്രീകരണ സംവിധാനവും പോസ്റ്റ് പ്രൊഡക്ഷന്‍ സൗകര്യവുമുള്ള ടെലിവിഷന്‍ ചാനലുകള്‍,പ്രൊഡക്ഷന്‍ ഹൗസുകള്‍ എന്നിവരില്‍ നിന്നും താല്‍പ്പര്യപത്രം ക്ഷണിച്ചു. ഇതില്‍ ഏറ്റവും കുറഞ്ഞ തുക ക്വാട്ട് ചെയ്ത മലയാളം കമ്മ്യൂണിക്കേഷന്‍സ് ലിമിറ്റഡിന്റെ സാങ്കേതികസഹായം ഉപയോഗിച്ച് പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ പൂര്‍ണ്ണ ചുമതലയില്‍’നാം മുന്നോട്ട്’എന്ന പരിപാടി നിര്‍മ്മിക്കുവാനാണ് നിശ്ചയിച്ചിട്ടുള്ളത്.
സ്റ്റേറ്റ് ഡാറ്റാ സെന്റര്‍ നടത്തിപ്പ് ചുമതല ഐ.ടി മിഷനാണ്. നിശ്ചിത കാലയളവിലേക്ക് ഡാറ്റാ സെന്ററിന്റെ പ്രവര്‍ത്തനം നിര്‍വ്വഹിക്കുന്നതിന് പരിചയവും കാര്യപ്രാപ്തിയുമുള്ള കമ്പനികളില്‍നിന്നും ഐ.ടി മിഷന്‍ കാലാകാലങ്ങളില്‍ ദര്‍ഘാസുകള്‍ ക്ഷണിച്ച് നടത്തിപ്പ് ഏല്‍പ്പിക്കുകയാണ് ചെയ്തുവരുന്നത്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നുള്ള ധനസഹായ അപേക്ഷകള്‍ക്കായുള്ള സോഫ്റ്റ്‌വെയര്‍സിഡിറ്റാണ് കൈകാര്യം ചെയ്യുന്നത്.’ജാവ’സാങ്കേതിക വിദ്യയിലുള്ള സോഫ്റ്റ്‌വെയറിന്റെ പുതിയ പതിപ്പ് വികസിപ്പിക്കുന്നതിന് ഓസ്പിന്‍ ടെക്‌നോളജി എന്ന സ്ഥാപനത്തിന്റെ സേവനം സിഡിറ്റ് കരാര്‍ അടിസ്ഥാനത്തില്‍ ഉപയോഗിക്കുക മാത്രമാണ് ചെയ്തിട്ടുള്ളത്. പുതിയ പതിപ്പിന്റെ കൈകാര്യ ചുമതല സിഡിറ്റ് തന്നെ തുടര്‍ന്നും നിര്‍വ്വഹിക്കും.
കെ.സി. ജോസഫ് മന്ത്രിയായും സിഡിറ്റിന്റെ ചുമതലയില്‍ ഉള്ളപ്പോഴുമാണ് ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ഭാഗമായ അസാപ്പ് (ASAP)നു വേണ്ടി എം.ഐ.എസ്. സോഫ്റ്റ്‌വെയര്‍ വികസിപ്പിച്ചു നല്‍കുന്നതിന് സിഡിറ്റിന് കരാര്‍ നല്‍കിയിരുന്നു. എന്നാല്‍ സിഡിറ്റില്‍ ജാവാ സാങ്കേതികവിദ്യയില്‍ പ്രാവീണ്യമുള്ളവര്‍ ഇല്ലാത്തതിനാല്‍ അസാപ്പിന്റെ തന്നെ ആവശ്യപ്രകാരം ടെക്‌നോപാര്‍ക്കില്‍ ഈ ടെക്‌നോളജി രംഗത്ത് പ്രവര്‍ത്തിക്കുന്ന ഒരു സ്വകാര്യ കമ്പനിയുമായി സഹകരിച്ചാണ് സിഡിറ്റ് ഈ പ്രവൃത്തി പൂര്‍ത്തീകരിച്ചത്. പിന്നീട് ആ കമ്പനിയെ മാറ്റി മറ്റൊരു കമ്പനിയുമായി കരാര്‍ ഉണ്ടാക്കിയതും മുന്‍സര്‍ക്കാരിന്റെ കാലത്താണ്. അതൊന്നും സിഡിറ്റിന്റെ സ്വകാര്യവത്ക്കരണമാണെന്ന് ആരും ആക്ഷേപിച്ചിട്ടില്ല.
ഓണ്‍ലൈന്‍ ടാക്‌സി/ഓട്ടോ സമ്പ്രദായം നടപ്പാക്കുന്നതു സംബന്ധിച്ച് പ്രാരംഭ ചര്‍ച്ചകള്‍ നടന്നുവെങ്കിലും അന്തിമ തീരുമാനം കൈക്കൊണ്ടിട്ടില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here