ഇസ്രായേല്‍ പാര്‍ലമെന്റ് പിരിച്ചുവിട്ടു; സഖ്യ സര്‍ക്കാരുണ്ടാക്കാന്‍ നിയുക്ത പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പരാജയത്തെത്തുടര്‍ന്ന്

ഇസ്രായേല്‍ പാര്‍ലമെന്റ് പിരിച്ചുവിട്ടു. സഖ്യ സര്‍ക്കാരുണ്ടാക്കാന്‍ നിയുക്ത പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് നടപടി. പുതിയ പാര്‍ലമെന്റിനായുള്ള തെരഞ്ഞെടുപ്പ് സെപ്റ്റംബര്‍ 17 ന് നടക്കും.
ഇന്നലെ നടന്ന പാര്‍ലമെന്റ് യോഗത്തില്‍ 45 നെതിരെ 74 വോട്ടുകള്‍ക്കാണ് പാര്‍ലമെന്റ് പിരിച്ചു വിടാനുള്ള പ്രമേയം പാസാക്കിയത്. ഏപ്രില്‍ ഒന്‍പതിന് നടന്ന തെരഞ്ഞെടുപ്പില്‍ ബെഞ്ചമിന്‍ നെതന്യാഹു നേതൃത്വം നല്‍കുന്ന ലിക്കുഡ് പാര്‍ട്ടിക്ക് 35 സീറ്റുകളാണ് ലഭിച്ചത്. എന്നാല്‍ 120 അംഗ പാര്‍ലമെന്റില്‍ 61 പേരുടെ പിന്തുണയാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. ഇതിനായുള്ള സഖ്യ ചര്‍ച്ചകള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് പാര്‍ലമെന്റ് പിരിച്ചു വിടേണ്ടി വന്നത്.
നിര്‍ബന്ധിത സൈനിക സേവനത്തില്‍ നിന്നും ജൂത മതപഠന വിദ്യാര്‍ത്ഥികളെ ഒഴിവാക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് സഖ്യചര്‍ച്ചകള്‍ക്ക് വിലങ്ങുതടിയായത്. അഞ്ച് സീറ്റുകള്‍ നേടിയ യുണൈറ്റഡ് റൈറ്റ് അടക്കമുള്ള പാര്‍ട്ടികള്‍ മതപഠന വിദ്യാര്‍ത്ഥികളെ നിര്‍ബന്ധിത സൈനിക സേവനത്തില്‍ നിന്നും ഒഴിവാക്കണമെന്ന ആവശ്യത്തില്‍ ഉറച്ചു നിന്നു. എന്നാല്‍ ഇതംഗീകരിക്കാന്‍ ആവില്ലെന്ന നിലപാടാണ് മുന്‍ പ്രതിരോധമന്ത്രി ലിബര്‍മാന്റെ വൈബി പാര്‍ട്ടി സ്വീകരിച്ചത്. ഇതോടെയാണ് മുന്നണി രൂപീകരണം അനിശ്ചിതത്വത്തിലായത്.
ഇതിനിടെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ പ്രതിപക്ഷ കക്ഷികളെ പ്രസിഡന്റ് റുവന്‍ റിവിലിന്‍ ക്ഷണിക്കുമെന്ന അഭ്യൂഹം പരന്നതോടെയാണ് നെതന്യാഹുവിന്റെ നേതൃത്വത്തില്‍ പാര്‍ലമെന്റ് പിരിച്ചു വിടാനുള്ള പ്രമേയം അവതരിപ്പിച്ചത്. പുതിയ പാര്‍ലമെന്റ് അധികാരത്തിലെത്തുന്നത് വരെ നെതന്യാഹു പ്രധാനമന്ത്രി പദവിയില്‍ തുടരും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here