കാർഗിലിൽ ഇന്ത്യക്കു വേണ്ടി പോരാടിയ സൈനികൻ അനധികൃത കുടിയേറ്റം ആരോപിച്ച് അറസ്റ്റിൽ

കാർഗിൽ യുദ്ധത്തിൽ ഇന്ത്യക്കു വേണ്ടി പോരാടിയ സൈനികനെ അനധികൃത കുടിയേറ്റം ആരോപിച്ച് അറസ്റ്റ് ചെയ്തു. മുഹമ്മദ് സനാഉല്ലയെന്ന സൈനികനെയാണ് വ്യാജ കാരണം ചൂണ്ടിക്കാട്ടി ആസാം ബോർഡർ പൊലീസ് ഓർഗനൈസേഷൻ അറസ്റ്റ് ചെയ്തത്. സൈന്യത്തിൽ നിന്ന് വിരമിച്ച ഇദ്ദേഹം ബോർഡർ പൊലീസിൽ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടറായി ജോലി ചെയ്ത് വരികയായിരുന്നു.
അനധികൃത കുടിയേറ്റം തടയാനെന്ന പേരിൽ കൊണ്ടു വന്ന പൗരത്വ രജിസ്റ്റർ ബില്ലിനെതിരെ ശക്തമായ പ്രതിഷേധങ്ങൾ നടക്കുന്നതിനിടെയാണ് അറസ്റ്റ്. ആസാമിൽ ഇത് ഏറെ പ്രതിസന്ധിയുണ്ടാക്കിയിരുന്നു. ആസാമിൽ മാത്രം 1,25,333 പേരുടെ പൗരത്വത്തിൽ സംശയമുണ്ടെന്ന് മന്ത്രി ചന്ദ്ര മോഹൻ പതോവരി നിയമസഭയെ അറിയിച്ചിരുന്നു. ആസാമിൽ ഇദ്ദേഹത്തെ പോലെ ആറോളം മുൻ സൈനികർക്ക് ഫോറിനേർസ് ട്രൈബ്യൂണൽ നോട്ടീസ് നൽകിയതായാണ് വിവരം.
“സൈന്യത്തിൽ 30 വര്‍ഷം സേവനമനുഷ്ഠിച്ചതിന് എനിക്കുള്ള സമ്മാനമാണിത്. ഞാനൊരു ഇന്ത്യക്കാരനാണ്, ഇപ്പോഴും ഇന്ത്യനാണ്, എല്ലാ കാലത്തും ഇന്ത്യക്കാരനായി തുടരുക തന്നെ ചെയ്യും”- വിഷയത്തിൽ സനാഉല്ല മാധ്യമങ്ങളോട് പ്രതികരിച്ചു
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here