Advertisement

നരേന്ദ്ര മോദി പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

May 30, 2019
1 minute Read

രണ്ടാം നരേന്ദ്രമോദി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാഷ്ട്രപതി ഭവനിലെ ഫോര്‍കോര്‍ട്ടില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് നരേന്ദ്രമോദിക്കും മന്ത്രിമാര്‍ക്കും സത്യവാചകം ചൊല്ലിക്കൊടുത്തു.

ബിജെപി ദേശീയ അധ്യക്ഷനായിരുന്ന അമിത് ഷാ മന്ത്രിസഭയിലേക്കെത്തി. രാജ്‌നാഥ് സിംഗ്, നിര്‍മ്മല സീതാരാമന്‍, രവിശങ്കര്‍ പ്രസാദ്,നിതിന്‍ ഗഡ്കരി എന്നിവരടക്കം പ്രധാന നേതാക്കള്‍ വീണ്ടും മന്ത്രിസഭയില്‍ ഇടംപിടിച്ചു. കഴിഞ്ഞ സര്‍ക്കാരില്‍ സുപ്രധാന വകുപ്പുകള്‍ കൈകാര്യം ചെയ്തിരുന്ന അരുണ്‍ ജെയ്റ്റിയും സുഷമ സ്വരാജും മന്ത്രിസഭയിലില്ല.

രാഷ്ട്രപതി ഭവന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സത്യപ്രതിജ്ഞ ചടങ്ങിനാണ് രാജ്യം ഇന്ന് സാക്ഷ്യം വഹിച്ചത്. ബിംസ്റ്റെക് രാജ്യത്തലവന്‍മാര്‍ ഉള്‍പ്പെടെ പ്രത്യേകം ക്ഷണിക്കപ്പെട്ടവരടക്കം, പതിനായിരത്തോളം പേരെ സാക്ഷിനിര്‍ത്തിയാണ് നരേന്ദ്രമോദി സത്യവാചകം ചൊല്ലി അധികാരമേറ്റത്.

രണ്ട് ക്യാബിനറ്റ് പദവി ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് ജെഡിയു മന്ത്രിസഭയില്‍ നിന്ന് വിട്ടുനിന്നു.  ബിംസ്റ്റെക് രാജ്യങ്ങളായ ബംഗ്ലാദേശ്, നേപ്പാള്‍, ഭൂട്ടാന്‍, ശ്രീലങ്ക, തായ്‌ലന്റ്, മ്യാന്‍മാര്‍ എന്നിവിടങ്ങളിലേയും മൗറീഷ്യസ്, കിര്‍ഗിസ്താന്‍ എന്നീ രാജ്യങ്ങളിലെയും രാഷ്ട്രതലവന്‍മാര്‍ ചടങ്ങില്‍ മുഖ്യാതിഥികളായിരുന്നു. എന്‍ഡിഎ നേതാക്കളെ കൂടാതെ പ്രതിപക്ഷ നിരയില്‍ നിന്ന് രാഹുല്‍ ഗാന്ധി, സോണിയഗാന്ധി, മന്‍മോഹന്‍സിംഗ്, അരവിന്ദ് കെജ്രിവാള്‍, എച്ച്.ഡി കുമാരസ്വാമി, എന്നിവരും സത്യപ്രതിജ്ഞാചടങ്ങിന് എത്തിയിരുന്നു.

മുഖ്യമന്ത്രി പിണറായി വിജയന്‍, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, ഡി എം കെ അധ്യക്ഷന്‍ എം കെ സ്റ്റാലിന്‍, എന്നിവര്‍ ചടങ്ങില്‍ നിന്ന് വിട്ടു നില്‍ക്കും. മുകേഷ് അംബാനി അടക്കമുള്ള വ്യവസായ പ്രമുഖരും രജനീകാന്ത് അടക്കമുള്ള സിനിമാതാരങ്ങളും ചടങ്ങിന് എത്തി. ചടങ്ങിന് മുന്പായി രാവിലെ നരേന്ദ്രമോദി രാജ്ഘട്ടിലെത്തി മഹാത്മാഗാന്ധിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. തുടര്‍ന്ന് മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയ്ക്കും രക്തസാക്ഷിത്വം വരിച്ച ധീരജവാന്‍മാരുടെ സ്മാരകത്തിലും മോദി പുഷ്പചക്രം അര്‍പ്പിച്ചു.

24 ക്യാബിനറ്റ് മന്ത്രിമാരും 10 സ്വതന്ത്ര ചുമതലയുള്ള മന്ത്രിമാരും 12 സഹമന്ത്രിമാരും അടക്കം 46 അംഗമന്ത്രിസഭയായിരുന്നു ഒന്നാംമോദി സര്‍ക്കാരില്‍ ഉണ്ടായിരുന്നത്.

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top