‘ഈ ഫോട്ടോയിൽ കാണുന്ന കുട്ടിയെ കാണ്മാനില്ല, കൂടുതൽ പേരിലേക്കെത്താൻ ഷെയർ ചെയ്യൂ’; ഇത് വ്യാജ ‘മിസ്സിംഗ്’വാർത്തകളുടേയും കാലം

CHILD MISSING’ഈ ഫോട്ടോയിൽ കാണുന്ന കുട്ടിയെ കഴിഞ്ഞ ദിവസം മുതൽ കാണാതിയിരിക്കുന്നു. കാണാതാകുമ്പോൾ കുട്ടി ധരിച്ചിരുന്നത് ചുവന്ന നിറമുള്ള ഫ്രോക്കായിരുന്നു. ഈ വിവരം കൂടുതൽ ആളുകളിലേക്ക് എത്തിക്കാൻ പോസ്റ്റ് ഷെയർ ചെയ്യൂ.’ ഇത്തരത്തിൽ തല വാചകങ്ങളുമായി എത്രയോ പോസ്റ്റുകളാണ് സോഷ്യൽ മീഡിയയിലൂടെ കറങ്ങി നടക്കുന്നത്. സംഭവം സത്യമാണോ എന്നു പോലും നോക്കാതെ പലരും ഇത്തരത്തിലുള്ള പോസ്റ്റുകൾ ഷെയർ ചെയ്യുന്നത്.

നടി ഭാവനയുടെ ചെറുപ്പകാലത്തെ ഒരു ചിത്രത്തിനൊപ്പം ഈ കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് ഫേസ്ബുക്ക് വഴി ഒരു പോസ്റ്റ് നേരത്തേ ഷെയർ ചെയ്യപ്പെട്ടിരുന്നു. ഭാവനയാണെന്ന് മനസിലാകാതെ നിരവധി പേരായിരുന്നു ആ പോസ്റ്റ് ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്.

ഒരു വർഷം മുൻപ് കണ്ണൂരിൽ ഒരു സംഭവം നടന്നിരുന്നു. കണ്ണൂർ നഗരത്തിൽ പ്ലാസ ജംക്ഷന് സമീപമുള്ള സിറ്റി സെന്ററിനു മുന്നിൽ നിന്ന് കുട്ടിയെ തട്ടിക്കൊണ്ടുപോയെന്നായിരുന്നു സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചാരണം നടന്നത്. ഒരാൾ പൊലീസിനെ ഫോണിൽ വിളിക്കുന്നതും സംഭവം നടന്നെന്ന പൊലീസിന്റെ മറുപടിയും ഓഡിയോ രൂപത്തിൽ സമൂഹമാധ്യമത്തിൽ പ്രചരിച്ചതും ആശങ്ക വർധിപ്പിച്ചിരുന്നു.
.
സംശയാസ്പദമായ സാഹചര്യത്തിൽ ഒരു സ്ത്രീയുടെ കൂടെ കുട്ടിയെ കണ്ട് വ്യാപാരികൾ ചോദ്യം ചെയ്തതിനെ തുടർന്ന് കുട്ടിയെയും കൊണ്ട് സ്ത്രീ ഓടിരക്ഷപ്പെട്ടതായ വാർത്തയും ഇതിനിടെ പ്രചരിച്ചു. തുടർന്ന് ടൗൺ പൊലീസ് സ്റ്റേഷനിലേക്കും സ്‌കൂളുകളിലേക്കും രക്ഷിതാക്കളുടെ ഫോൺ വിളികളുടെ പ്രവാഹമായിരുന്നു. വാർത്ത വ്യാജമാണെന്ന് പൊലീസിൽ നിന്ന് നേരിട്ട് അറിഞ്ഞതോടെയാണ് പലർക്കും സമാധാനമായത്.

ഇത്തരത്തിൽ കുട്ടികളെ കാണാനില്ലെന്നും തട്ടിക്കൊണ്ടുപോയെന്നുമുള്ള വാർത്തകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുമ്പോൾ അതിന്റെ സത്യാവസ്ഥ പരിശോധിച്ച ശേഷം വേണം ഷെയർ ചെയ്യാൻ. സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കുന്ന കുട്ടികളുടെ ചിത്രങ്ങളും ഈ രീതിയിൽ ദുരുപയോഗിക്കപ്പെടാം എന്നുള്ളതാണ് വാസ്തവം. ഇത്തരത്തിലുള്ള കെണികളിൽ ചെന്നുപെടാതിരിക്കാൻ മാതാപിതാക്കളും കരുതിയിരിക്കേണ്ടതുണ്ട്.

വ്യാജവാർത്തകളെ എങ്ങനെ ചെറുക്കാം ? വ്യാജ വാർത്തകൾ സമൂഹത്തിലുണ്ടാക്കുന്ന മോശം മാറ്റങ്ങൾ, തുടങ്ങി വ്യാജന്മാരാൽ നിറഞ്ഞ ഈ ലോകത്തെ പിടിച്ചുലയ്ക്കുന്ന പൊള്ളത്തരങ്ങൾക്കെതിരെ ട്വന്റിഫോർ ഡോട്ട് കോം നടത്തുന്ന ഒരു പോരാട്ടം….സ്റ്റാൻഡ് അപ്പ് ഫോർ ദി ട്രൂത്ത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top