വിശ്വാസികളിൽ ഒരു വിഭാഗം എതിരായത് തിരിച്ചടിക്ക് കാരണമായി : സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് റിപ്പോർട്ട്

വിശ്വാസികളിൽ ഒരു വിഭാഗം എതിരായത് തിരിച്ചടിക്ക് കാരണമായെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റിന്റെ റിപ്പോർട്ട്. പാർട്ടിക്കൊപ്പം നിന്നിരുന്ന വിശ്വാസികൾ തെറ്റിധരിക്കപ്പെട്ടെന്നും ഇവരുടെ വോട്ട് ചോർന്നെന്നുംറിപ്പോർട്ടിൽ പരാമർശം.തോൽവി സംബന്ധിച്ച് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ സംസ്ഥാന കമ്മിറ്റിയിൽ അവതരിപ്പിച്ച റിപ്പോർട്ടിലാണ് ‘ ശബരിമല’ എന്ന വാക്ക് ഉപയോഗിക്കാതെയുള്ള വിശദീകരണം.
തോൽവിയുടെ കാരണങ്ങൾ പരിശോധിക്കുന്നസിപിഐഎമ്മിന്റെ സംസ്ഥാന കമ്മിറ്റി യോഗം പുരോഗമിക്കുകയാണ്. സംസ്ഥാന കമ്മിറ്റി അംഗങ്ങളടക്കം സ്ഥാനാർത്ഥികളായതിന്നാൽ അവരുടെ മണ്ഡലങ്ങളിൽ ശബരിമല വിഷയം ബാധിച്ചോ എന്ന തരത്തിൽ ചർച്ചയുണ്ടാകുമോയെന്നാണ് ഏവരും ഉറ്റു നോക്കുകുന്നത്.
ദേശീയ തലത്തിൽ കോൺഗ്രസ് അധികാരത്തിൽ വരുമെന്ന പ്രചാരണം യുഡിഎഫിന് അനുകൂലമായെന്നും വിശ്വാസികളിൽ ഒരു വിഭാഗം തെറ്റിധരിക്കപ്പെട്ടത് എൽ ഡി എഫിന് എതിരാവുമെന്നും മുൻകൂട്ടി കാണാൻ നേതൃത്വത്തിന് കഴിഞ്ഞില്ലെന്ന സ്വയം വിമർശനവും സംസ്ഥാന നേതൃത്വത്തിനുണ്ട്.
പാലക്കാട് മണ്ഡലത്തിലെ എം.ബി.രാജേഷിന്റെ തോൽവി പരിശോധിക്കാൻ പാർട്ടി കമ്മീഷനെ നിയോഗിക്കാനും സാധ്യതയുണ്ട്. ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി, പിബി അംഗങ്ങളായ പ്രകാശ് കാരാട്ട്, എസ്.രാമചന്ദ്രൻ പിള്ള, എം.എ ബേബി തുടങ്ങിയ നേതാക്കളും സംസ്ഥാന കമ്മിറ്റിയിൽ പങ്കെടുക്കുന്നുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here