പ്രധാനമന്ത്രിക്കും മുരളീധരനും മുഖ്യമന്ത്രിയുടെ അഭിനന്ദനം

വീണ്ടും പ്രധാനമന്ത്രിയായി ചുമതലയേറ്റ നരേ ന്ദ്രമോദിയെ മുഖ്യമന്ത്രി പിണറായി വിജയൻ അഭിനന്ദിച്ചു. സമൂഹത്തിലെ എല്ലാവരെയും ഉൾക്കൊള്ളുന്ന വികസനം സാധ്യമാക്കുന്നതിന് കേന്ദ്രവും സംസ്ഥാനങ്ങളും സഹകരിച്ച് നീങ്ങേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി ആശംസാ സന്ദേശത്തിൽ പറഞ്ഞു.

കേന്ദ്ര വിദേശകാര്യപാർലമെന്ററി സഹമന്ത്രിയായി നിയമിതനായ വി മുരളീധരനെയും മുഖ്യമന്ത്രി അഭിനന്ദിച്ചു. കേരളത്തിന്റെ ആവശ്യങ്ങൾ നേടിയെടുക്കാനുള്ള കൂട്ടായ ശ്രമത്തിൽ കേന്ദ്രസഹമന്ത്രിയുടെ അകമഴിഞ്ഞ സഹകരണം പ്രതീക്ഷിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു.

ഇന്നലെ വൈകിട്ട് രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിലാണ് രണ്ടാം നരേന്ദ്ര മോദി സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയോടൊപ്പം 58 കേന്ദ്രമന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറി. ബിജെപി ദേശീയ അധ്യക്ഷനായിരുന്ന അമിത് ഷായും മന്ത്രിസഭയിലേക്കെത്തി. രാജ്‌നാഥ് സിംഗ്, നിർമ്മല സീതാരാമൻ, രവിശങ്കർ പ്രസാദ്, നിതിൻ ഗഡ്കരി എന്നിവരടക്കം പ്രധാന നേതാക്കൾ വീണ്ടും മന്ത്രിസഭയിൽ ഇടംപിടിച്ചു. കഴിഞ്ഞ സർക്കാരിൽ സുപ്രധാന വകുപ്പുകൾ കൈകാര്യം ചെയ്തിരുന്ന അരുൺ ജെയ്റ്റിയും സുഷമ സ്വരാജും മന്ത്രിസഭയിലില്ല. ആരോഗ്യ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി ഇരുവരും സ്വയം പിന്മാറുകയായിരുന്നു.

രാഷ്ട്രപതി ഭവന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സത്യപ്രതിജ്ഞ ചടങ്ങിനാണ് രാജ്യം ഇന്നലെ സാക്ഷ്യം വഹിച്ചത്. ബിംസ്റ്റെക് രാജ്യത്തലവൻമാർ ഉൾപ്പെടെ പ്രത്യേകം ക്ഷണിക്കപ്പെട്ടവരടക്കം, പതിനായിരത്തോളം പേരെ സാക്ഷിനിർത്തിയാണ് നരേന്ദ്രമോദി സത്യവാചകം ചൊല്ലി അധികാരമേറ്റത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top
More