ഫുല്‍ജാര്‍ സോഡ…സംഗതി ജോറാണ്…

ശീതളപാനീയ വിപണിയിലെ പുതിയ താരമാണ് ഫുല്‍ജാര്‍ സോഡ. നോമ്പുതുറന്നതിന് ശേഷം സോഡ കുടിക്കാനായി നിരവധി പേരാണ് എത്തുന്നത്. ഫുല്‍ജാര്‍ സോഡക്ക് വേണ്ടി ബുക്ക് ചെയ്ത് വരി നില്‍ക്കേണ്ട അവസ്ഥയാണിപ്പോള്‍.

നോമ്പുതുറയ്ക്ക് ശേഷം തിരക്ക് മുഴുവന്‍ ഇപ്പോള്‍ ശീതളപാനീയക്കടകളിലാണ്. നോമ്പുതുറക്കുന്നവര്‍ അതിനുശേഷം ഇത്തരം കടകളിലെത്തി വ്യത്യസ്തമായ വിഭവങ്ങളും കഴിക്കുന്നത് പതിവ് കാഴ്ചയാണ്. എന്നാല്‍ കുലുക്കി സര്‍ബത്തും ഐസ് ഒരതിയും കുത്തകയാക്കിയ സര്‍ബ്ബത്ത് വിപണിയെ ഇത്തവണ കീഴടക്കുന്നത് പുതിയ ഒരു വിഭവമാണ്. ഒരു അഡാര്‍ ഐറ്റം. – പേര് ഫുല്‍ജാര്‍ സോഡ.

പേര് കേട്ട് അന്തംവിടേണ്ട, സംഭവം നമ്മുടെ കുലുക്കി സര്‍ബത്തിന്റെയെല്ലാം വേറൊരു വകഭേദമാണ്. ചേരുവകളും കുടിക്കുന്ന രീതിയും അല്പം വ്യത്യസ്തമാണെന്ന് മാത്രം. എന്തായാലും കേരളത്തിലാകെ ഇപ്പോള്‍ ഫുല്‍ജാര്‍ സോഡയ്ക്കാണ് ഡിമാന്‍ഡ്. പലയിടങ്ങളിലും ഫുല്‍ജാര്‍ സോഡ കുടിക്കാന്‍ മണിക്കൂറുകളോളമാണ് കാത്തുനില്‍ക്കേണ്ടത്. സംഭവം കിടുവായതോടെ സാമൂഹ്യ മധ്യമങ്ങളില്‍ ഫുല്‍ജാര്‍ സോഡ വൈറലായി. ദിവസവും ഒട്ടേറേപേരാണ് ഫുല്‍ജാര്‍ സോഡയുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍മീഡിയയില്‍ പങ്കുവെക്കുന്നത്. ഫുല്‍ജാര്‍ സോഡയിലെ ചേരുവകള്‍ ഒരു ചെറിയ ഗ്ലാസില്‍ മിക്‌സ് ചെയ്ത ശേഷം സോഡ ഒഴിച്ച വലിയ ഗ്ലാസിലേക്ക് ഇറക്കിവെക്കുന്നു. പിന്നെ ഒറ്റവലിക്ക് കുടിക്കണം. സംഭവം ഉഷാര്‍.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top