ഐഎസ്എൽ വിപുലീകരിക്കുന്നു; തിരുവനന്തപുരത്തിന് ടീം ലഭിച്ചേക്കും

ഐ-ലീഗ്-ഐഎസ്എൽ ലയനത്തിൽ സംശയം നിലനിൽക്കുന്നതിനാൽ ഐഎസ്എൽ വിപുലീകരിക്കുന്നുവെന്ന് റിപ്പോർട്ട്. നിലവിലുള്ള 10 ടീമുകളോടൊപ്പം 5 ടീമുകളെ കൂടി ചേർത്ത് 15 ടീമുകളാക്കാനാണ് അധികൃതർ തയ്യാറെടുക്കുന്നത്. ഇന്ത്യയിലെ തന്നെ വിവിധ നഗരങ്ങളിൽ നിന്നായി ടീമിനെ ക്ഷണിക്കാൻ റിലയൻസും എ ഐ എഫ് എഫും ഉദ്ദേശിക്കുന്നുണ്ട്.
ഈസ്റ്റ് ബംഗാൾ ഐഎസ്എല്ലിൽ വരുമ്മെന്നത് ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു. ഇതിനോടൊപ്പം പുതിയ നാലു ടീമുകൾക്ക് കൂടി ലേലത്തിന് ക്ഷണിക്കാനാണ് പദ്ധതി. കേരളത്തിൽ നിന്നും ഒരു ടീം കൂടി ഐഎസ്എല്ലിൻ്റെ പരിഗണനയിലുണ്ടെന്നാണ് സൂചന. തിരുവനന്തപുരം നഗരത്തിനാവും അവസരം. തിരുവനന്തപുരത്തെ ആരാധകർ നഗരത്തിന് ഒരു ഐഎസ്എൽ ടീം വേണമെന്ന് ഏറെ നാളുകളായി ആവശ്യപ്പെടുന്നുണ്ട്. ഒപ്പം, കഴിഞ്ഞ സീസണിലും തിരുവനന്തപുരത്ത് നിന്ന് ഐ എസ് എല്ലിലേക്ക് പ്രവേശനം കിട്ടാൻ ചില കമ്പനികൾ ശ്രമിച്ചിരുന്നു എന്നതും ഈ തീരുമാനത്തിന് ശക്തി പകരും.
ലീഗിലെത്തുന്ന പുതിയ ടീമുകൾ ഫ്രാഞ്ചൈസി തുക നൽകേണ്ടി വരും. തിരുവനന്തപുരത്തോടൊപ്പം അഹമ്മദബാദ്, കട്ടക്ക്, ഹൈദരബാദ് എന്നീ നഗരങ്ങളെയും പുതിയ ടീമുകൾക്കായി പരിഗണിച്ചേക്കും. എന്നാൽ ഐ-ലീഗ്-ഐഎസ്എൽ ലയനത്തിന്റെ കാര്യത്തിൽ അന്തിമ തീരുമാനം ആയതിനു ശേഷം മാത്രമേ ഈ പുതിയ നിർദേശങ്ങളിൽ നടപടിയുണ്ടാകാൻ സാധ്യതയുള്ളൂ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here