Advertisement

അനായാസം ഓസീസ്; ജയം ഏഴു വിക്കറ്റിന്

June 1, 2019
0 minutes Read

ലോകകപ്പിലെ നാലാം മത്സരത്തിൽ അഫ്ഗാനിസ്ഥാനെതിരെ ഓസ്ട്രേലിയക്ക് അനായാസ ജയം. 208 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ലോക ചാമ്പ്യന്മാർ ഏഴു വിക്കറ്റിനാണ് വിജയിച്ചത്. 89 റൺസെടുത്ത ഡേവിഡ് വാർണറാണ് ഓസീസിൻ്റെ വിജയ ശില്പി. 66 റൺസെടുത്ത ആരോൺ ഫിഞ്ചും ഓസീസ് വിജയത്തിൽ നിർണ്ണായക പങ്കു വഹിച്ചു.

മുജീബ് റഹ്മാനിലൂടെയാണ് അഫ്ഗാനിസ്ഥാൻ ബൗളിംഗ് തുടങ്ങിയത്. എന്നാൽ ആ നീക്കം തിരിച്ചടിച്ചു. മുജീബിൻ്റെ ആദ്യ ഓവറിൽ 10 റൺസും രണ്ടാം ഓവറിൽ 14ഉം റൺസടിച്ച ഫിഞ്ച് തുടക്കത്തിൽ തന്നെ അഫ്ഗാനിസ്ഥാനെ സമ്മർദ്ദത്തിലാക്കി. മറുവശത്ത് മനോഹരമായി പന്തെറിഞ്ഞ ഹാമിദ് ഹസൻ ഓസ്ട്രേലിയയെ പിടിച്ചു നിർത്തിയെങ്കിലും മറ്റു ബൗളർമാർക്കൊന്നും ഓസീസ് ബാറ്റ്സ്മാന്മാരെ പിടിച്ചു നിർത്താനായില്ല. 2 ഓവറിൽ 21 റൺസ് വഴങ്ങിയ റാഷിദ് ഖാനും ഫിഞ്ചിൻ്റെ ബാറ്റിംഗ് കരുത്തറിഞ്ഞു.

ആക്രമിച്ചു കളിച്ച ഫിഞ്ചിന് ഡേവിഡ് വാർണർ ഉറച്ച പിന്തുണ നൽകി. 40 പന്തുകളിലാണ് ഫിഞ്ച് തൻ്റെ അർദ്ധസെഞ്ചുറി കുറിച്ചത്. 17ആം ഓവറിൽ തൻ്റെ രണ്ടാം സ്പെല്ലിനായി തിരികെ വന്ന ക്യാപ്റ്റൻ ഗുൽബദിൻ നെയ്ബ് ആണ് അഫ്ഗാനിസ്ഥാന് ആദ്യ ബ്രേക്ക് ത്രൂ സമ്മാനിച്ചത്. 49 പന്തുകളിൽ 66 റൺസെടുത്ത ഫിഞ്ചിനെ നയ്ബ് മുജീബ് റഹ്മാൻ്റെ കൈകളിൽ എത്തിക്കുകയായിരുന്നു. ഇതോടെ ഓസീസിൻ്റെ 96 റൺസ് നീണ്ട ആദ്യ വിക്കറ്റ് കൂട്ടുകെട്ട് അവസാനിച്ചു.

തുടർന്ന് ക്രീസിലെത്തിയ ഉസ്മാൻ ഖവാജയെ റാഷിദ് ഖാൻ മടക്കി. 15 റൺസെടുത്ത ഖവാജയെ റാഷിദ് വിക്കറ്റിനു മുന്നിൽ കുടുക്കുകയായിരുന്നു. വാർണർക്കൊപ്പം രണ്ടാം വിക്കറ്റിൽ 60 റൺസ് കൂട്ടിച്ചേർത്ത ശേഷമാണ് ഖവാജ മടങ്ങിയത്. തുടർന്ന് ക്രീസിലെത്തിയ സ്മിത്ത് വിജയത്തിനു മൂന്ന് റൺസകലെ വെച്ച് മടങ്ങി. വാർണറുമായി നാലാം വിക്കറ്റിൽ 49 റൺസ് കൂട്ടു കെട്ടുയർത്തിയ സ്മിത്ത് 18 റൺസെടുത്ത് നിൽക്കെ മുജീബ് റഹ്മാനാണ് പുറത്താക്കിയത്.  തുടർന്ന് നേരിട്ട ആദ്യ പന്തിൽ തന്നെ ബൗണ്ടറിയടിച്ച ഗ്ലെൻ മാക്സ്വൽ ഓസീസിനെ അനായാസം വിജയത്തിലെത്തിച്ചു. 89 റൺസെടുത്ത ഡേവിഡ് വാർണർ പുറത്താവാതെ നിന്നു.

നേരത്തെ തുടക്കത്തിലെ തകർച്ചയ്ക്കു ശേഷം തിരിച്ച്ഉ വന്ന അഫ്ഗാൻ ഭേദപ്പെട്ട സ്കോർ കുറിയ്ക്കുകയായിരുന്നു. 51 റൺസെടുത്ത നജിബുല്ല സർദാൻ ആണ് അഫ്ഗാനിസ്ഥാൻ്റെ ടോപ്പ് സ്കോറർ. ഓസീസിനു വേണ്ടി പാറ്റ് കമ്മിൻസ്, ആദം സാംബ എന്നിവർ മൂന്ന് വിക്കറ്റുകൾ വീതം വീഴ്ത്തി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top