‘അത്രയും വലിയ പ്രശ്‌നത്തെ മനോധൈര്യം കൊണ്ട് നേരിട്ട ദിലീപിനെ അങ്ങേയറ്റം അഭിനന്ദിക്കുന്നു’: ബാലചന്ദ്രമേനോൻ; വീഡിയോ

നടിയെ ആക്രമിച്ച കേസിൽ പ്രതിസ്ഥാനത്തുള്ള നടൻ ദിലീപിനെ പിന്തുണച്ച് സംവിധായകൻ ബാലചന്ദ്ര മേനോൻ. ദിലീപ് പ്രശ്‌നങ്ങളെ നേരിട്ട രീതിയേയാണ് ബാലചന്ദ്ര മേനോൻ അഭിനന്ദിച്ചിരിക്കുന്നത്. ദിലീപ് നേരിട്ട മാനസിക പ്രതിസന്ധിയെക്കുറിച്ച് സ്വപ്‌നം കാണാൻ പോലും ആർക്കും കഴിയില്ലെന്നും ആ അവസ്ഥ തനിക്ക് മനസിലാകുമെന്നും ബാലചന്ദ്രമേനോൻ പറഞ്ഞു. തന്റെ യൂട്യൂബ് ചാനലായ ഫിൽഫി ഫ്രൈഡേയ്‌സിലെ വീഡിയോയിലാണ് ബാലചന്ദ്രൻ വിഷയത്തിൽ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുന്നത്.
മലയാള സിനിമയെ ആകെ ഞെട്ടിച്ച സംഭവമായിരുന്നു അത്. ആരും ഓർക്കാൻ ഇഷ്ടപ്പെടാത്തതായിരുന്നു ആ രംഗം. ദിലീപിനെ പോലൊരു ആർട്ടിസ്റ്റ്, ജനങ്ങൾ അത്രമേൽ ഇഷ്ടപ്പെടുന്ന ഒരാൾ ഇത്തരത്തിൽ ഒരു അവസ്ഥയിൽപ്പെട്ടാൽ എങ്ങനെ പ്രതികരിക്കും എന്നുള്ളത് പത്രത്തിൽ വായിച്ചാൽ ഒന്നും മനസിലാക്കാൻ കഴിയാത്തതാണ്. തന്റെ കാഴ്ചപ്പാട് അനുസരിച്ച് പലതും മനസിലാക്കേണ്ടതാണ് അനുഭവങ്ങളിൽ നിന്നുമാണ്. പത്രത്തിൽ ഒരു കുറ്റകൃത്യം വായിച്ചാൽ അതിന്റെ ഗ്രാവിറ്റി അത്രമേൽ മനസിലാക്കാൻ നമുക്കാവില്ല. ആ പ്രശ്‌നത്തിൽ അകപ്പെടുന്ന ഒരാൾ നേരിടുന്ന മാനസികമായ ഒരു പ്രതിസന്ധിയെ പറ്റി നമുക്ക് സ്വപ്‌നത്തിൽ പോലും ചിന്തിക്കാൻ പറ്റില്ലെന്നും ബാലചന്ദ്ര മേനോൻ വീഡിയോയിൽ പറഞ്ഞു.
തന്റെ ‘എന്നാലും ശരത്’ എന്ന സിനിമയുടെ സെറ്റിൽ തന്നെ കാണാൻ ദിലീപ് എത്തിയിരുന്നു. വാക്കുകളിലൂടെ താൻ ആത്മവിശ്വാസം നൽകിയിരുന്നു. തനിക്ക് സംഭവിച്ച പ്രശ്‌നങ്ങൾ സധൈര്യത്തോടെയാണ് ദിലീപ് നേരിട്ടതെന്നും അതിൽ താൻ ദിലീപിനെ അങ്ങേയറ്റം അഭിനന്ദിക്കുന്നുവെന്നും പറഞ്ഞാണ് ബാലചന്ദ്രമേനോൻ വീഡിയോ അവസാനിപ്പിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here