മാനവവിഭവശേഷി മന്ത്രി രമേഷ് പൊഖ്രിയാലിന്റെ ബിരുദങ്ങൾ വ്യാജമെന്ന് റിപ്പോർട്ട്

നരേന്ദ്രമോദി സർക്കാരിലെ രണ്ടാമൂഴത്തിൽ മാനവവിഭവശേഷി മന്ത്രിയായി സ്ഥാനമേറ്റ രമേഷ് പൊഖ്രിയാലിന്റെ ബിരുദം വ്യാജമെന്ന് റിപ്പോർട്ട്. ഇന്ത്യ ടുഡേയാണ് ആരോപണം ഉയർത്തിയിരിക്കുന്നത്. പൊഖ്രിയാലിൻ്റെ പേരിലുള്ള രണ്ട് ബിരുദങ്ങളും വ്യാജമാണെന്നാണ് റിപ്പോർട്ട്.
സാഹിത്യത്തിലെ സംഭാവനകള്‍ പരിഗണിച്ച് 1990ല്‍ കൊളംബോ ഓപ്പണ്‍ സര്‍വകലാശാല തനിക്ക് നിഷാങ്ക് ഡി ലിറ്റ് ബിരുദം നൽകിയെന്നാണ് മന്ത്രിയുടെ ബയോഡേറ്റയിലുള്ളത്. ശാസ്ത്രരംഗത്തെ സംഭാവനകള്‍ പരിഗണിച്ചച് കൊളംബോ ഓപ്പണ്‍ സര്‍വകലാശാല തനിക്ക് രണ്ടാമതൊരു ഡോക്ടറേറ്റ് കൂടി നല്‍കിയെന്നും രമേഷ് പൊഖ്രിയാല്‍ അവകാശപ്പെടുന്നു. എന്നാല്‍ ശ്രീലങ്കയില്‍ അങ്ങനെയൊരു സര്‍വകലാശാല പോലും ഇല്ലെന്നാണ് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നത്. ശ്രീലങ്കയിലെ സര്‍വകലാശാല ഗ്രാന്‍ഡ്‌സ് കമ്മീഷനില്‍ നിന്ന് ഇതിന് വ്യക്തമായ സ്ഥിരീകരണം കിട്ടിയെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
പൊഖ്രിയാലിന്റെ വിദ്യാഭ്യാസ യോഗ്യതകള്‍ ആവശ്യപ്പെട്ട് വിവരാവകാശ നിയമ പ്രകാരം കഴിഞ്ഞ വര്‍ഷം ഡെറാഡൂണില്‍ നല്‍കിയ അപേക്ഷക്ക് ലഭിച്ച മറുപടി അപൂര്‍ണമായിരുന്നു. നേരത്തെ, കഴിഞ്ഞ സർക്കാരിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും സ്മൃതി ഇറാനിക്കുമെതിരെ വ്യാജ ബിരുദാരോപണം ഉയർന്നിരുന്നു.
2014ല്‍ പാര്‍ലമെന്റിലെ ചര്‍ച്ചയ്ക്കിടയിലാണ് ആധുനിക ശാസ്ത്രം ജ്യോതിഷത്തിന് മുന്നില്‍ വെറും കുള്ളനാണെന്ന പ്രസ്താവന അദ്ദേഹം നടത്തിയത്. ജ്യോതിഷമാണ് ഏറ്റവും വലിയ ശാസ്ത്രമെന്ന് ഉറച്ച് വിശ്വസിക്കുന്ന പൊഖ്റിയാല്‍ ആധുനിക ശാസ്ത്രവും അതിന്റെ കണ്ടുപിടിത്തങ്ങളും ജ്യോതിഷത്തിന് മുന്നില്‍ ഒന്നുമല്ലെന്ന് പാര്‍ലമെന്‍റില്‍ പ്രസംഗിച്ചു. മഹര്‍ഷി കണാദന്‍ ഒരു ലക്ഷം വര്‍ഷം മുൻപ് ന്യൂക്ളിയര്‍ ടെസ്റ്റ് നടത്തിയെന്നും ആദ്യ പ്ലാസ്റ്റിക് സര്‍ജറിക്ക് വിധേയനായത് ഗണപതിയാണെന്നതുമടക്കം നിരവധി പ്രസ്താവനകള്‍ ഇദ്ദേഹത്തിന്‍റേതായി ഉണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here