പാനായിക്കുളം സിമി ക്യാമ്പ് കേസ്; പ്രതികളെ വെറുതെ വിട്ടതിനെതിരെ എൻഐഎ സുപ്രീം കോടതിയിലേക്ക്

പാനായിക്കുളം സിമി ക്യാമ്പ് കേസിൽ പ്രതികളെ വെറുതെ വിട്ട ഹൈക്കോടതി വിധിക്കെതിരെ എൻഐഎ സുപ്രീംകോടതിയിലേക്ക്. കേസിൽ അപ്പീൽ നൽകാൻ തീരുമാനമായി. കേന്ദ്ര ആഭ്യന്തര-നിയമ മന്ത്രാലയങ്ങളിൽ നിന്ന് ഇതിനുള്ള അനുമതി ലഭിച്ചു. പാനായിക്കുളം സിമി ക്യാമ്പ് കേസിൽ എൻഐഎ കോടതി ശിക്ഷിച്ച അഞ്ച് പ്രതികളെയും ഹൈക്കോടതി നേരത്തെ വെറുതെ വിട്ടിരുന്നു. വിചാരണക്കോടതി വെറുതെ വിട്ട എട്ട് പേർക്കെതിരെ എൻ.ഐ.എ നൽകിയ അപ്പീലും ഹൈക്കോടതി തള്ളിയിരുന്നു.
ഇതിനെതിരെ അപ്പീലിന് അനുമതി തേടി എൻഐഎ ആഭ്യന്തര – നിയമ മന്ത്രാലയങ്ങളെ സമീപിച്ചിരുന്നു. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ സുപ്രീംകോടതിയിൽ അപ്പീൽ നൽകാനുള്ള നിർദ്ദേശം എൻഐഎക്ക് ലഭിച്ചു. 2006 ൽ പാനായിക്കുളം ഹാപ്പി ഓഡിറ്റോറിയത്തിൽ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് നിരോധിത സംഘടന സിമിയുടെ രഹസ്യയോഗം സംഘടിപ്പിച്ചെന്നാണ് കേസ്. രാജ്യദ്രോഹക്കുറ്റം, യുഎപിഎ, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here