നിപ ഭീഷണി; ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലും ഐസൊലേഷൻ വാർഡ് ഒരുക്കാൻ തീരുമാനം

നിപ ഭീഷണിയുടെ പശ്ചാത്തലത്തിൽ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലും ഐസൊലേഷൻ വാർഡ് ഒരുക്കാൻ ഉന്നതതല യോഗതിന്റെ തീരുമാനം. ഇന്ന് മുതൽ വാർഡ് പ്രവർത്തനസജ്ജമാകും. ഒപ്പം അടിയന്തിര സാഹചര്യങ്ങളെ നേരിടാൻ പ്രതിരോധ മരുന്നുകളും ആവശ്യത്തിനു ജീവനക്കാരെയും ഇവിടെ ഉറപ്പാക്കിയിട്ടുണ്ട്.
ആരോഗ്യ വകുപ്പിന്റെ നിർദ്ദേശ പ്രകാരമാണ് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രത്യേക സജീകരണങ്ങൾ ഒരുക്കിയത്. സവിശേഷ രോഗ ലക്ഷണങ്ങളുമായി എത്തുന്നവരെ മാറ്റി പാർപ്പിക്കുന്നതിനുളള സൗകര്യമാണ് ഇതിൽ പ്രധാനം. കൂടാതെ പ്രത്യേക സജീകരണങ്ങളുള്ള അത്യാഹിത വിഭാഗവും ഇതിനായി ഒരുക്കി. മരുന്നുകൾ, രോഗ പ്രതിരോധ ഉപകരങ്ങൾ എന്നിവയും ഉറപ്പുവരുത്തിയതായി അധികൃതർ അറിയിച്ചു.
എല്ലാ വിഭാഗത്തിലെയും ജീവനക്കാരെ പ്രത്യേക ചികിൽസാ വിധികൾ പരിശീലിപ്പിക്കാനുളള ശ്രമം തുടങ്ങിയിട്ടുണ്ട്. വവ്വാൽ, പന്നി എന്നിവയുമായി ബന്ധപ്പെടുന്ന ആളുകൾ പനിയുടെ ലക്ഷണം ഉണ്ടെങ്കിൽ ആരോഗ്യ പ്രവർത്തകരുമായി ബന്ധപ്പെടണം. ചെറിയ അസുഖങ്ങൾക്ക് മെഡിക്കൽ കോളജ് ആശുപത്രിയെ ആശ്രയിക്കരുതെന്നും . വരും ദിവസങ്ങളിൽ സന്ദർശകർക്ക് കർശന നിയന്ത്രണം ഉണ്ടാകുമെന്നും അധികൃതർ അറിയിച്ചു. എല്ലാ ദിവസവും വിവിധ വകുപ്പു മേധാവികൾ യോഗം ചേർന്ന് സ്ഥിതി ഗതികൾ വിലയിരുത്തും. അതേസമയം മെഡിക്കൽ കോളേജ് അടക്കമുള്ള ആശുപത്രികളിലേക്കുള്ള സന്ദർശനങ്ങൾ ജനങ്ങൾ ആവശ്യഘട്ടത്തിൽ മാത്രം നടത്തിയാൽ മതിയെന്നും നിർദ്ദേശമുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here