നിപ സ്ഥിരീകരിച്ച യുവാവിന് ചികിത്സ തുടരും; ഐസൊലേഷൻ വാർഡിൽ അഞ്ച് പേരെന്ന് ആരോഗ്യമന്ത്രി

കൊച്ചിയിൽ നിപ സ്ഥിരീകരിച്ച യുവാവിന് ചികിത്സ തുടരുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. യുവാവിന്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ട്. എന്നാൽ യുവാവ് രോഗ വിമുക്തനായിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
ഐസൊലേഷൻ വാർഡിൽ നിലവിൽ അഞ്ച് പേർ ഉണ്ട്. അഞ്ച് പേരുടേയും സാമ്പിളുകൾ പരിശോധനയ്ക്കയച്ചു. ഭയപ്പെടാനില്ലെന്നും ജനങ്ങൾ ആരോഗ്യവകുപ്പിന്റെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കുകയാണ് വേണ്ടതെന്നും മന്ത്രി പറഞ്ഞു.
കൊച്ചിയിൽ നിപ സ്ഥിരീകരിച്ച 23 കാരനായ വിദ്യാർത്ഥിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് വ്യക്തമാക്കി മെഡിക്കൽ ബുള്ളറ്റിൻ പുറത്തിറക്കിയിരുന്നു. മെയ് 30 നാണ് 23കാരനായ യുവാവ് ആസ്റ്റർ മെഡ്‌സിറ്റിയിൽ ചികിത്സ തേടിയത്. ഒരാഴ്ച നീണ്ട പനി, സംസാരിക്കുമ്പോൾ നാവ് കുഴയൽ, ശരീരത്തിന്റെ ബാലൻസ് കുറയൽ തുടങ്ങിയ ലക്ഷണങ്ങളുമായാണ് ആശുപത്രിയിൽ എത്തിയത്. തുടർന്ന് എംആർഐ സ്‌കാൻ അടക്കമുള്ള സൂക്ഷ്മ പരിശോധനകൾക്ക് വിധേയമാക്കി. എൻഎബിഎൽ അംഗീകൃത ലാബിൽ നടത്തിയ പരിശോധനാഫലങ്ങൾ രോഗിക്ക് നിപ വൈറൽ എൻസഫലൈറ്റിസ് ആകാമെന്ന സൂചന നൽകി. ഉടൻ തന്നെ ജില്ലാ മെഡിക്കൽ ഓഫീസറെ വിവരമറിയിക്കുകയും രോഗിയെ ഐസൊലേഷൻ റൂമിലേക്ക് മാറ്റുകയുമായിരുന്നു.
ഇതിന് പിന്നാലെ യുവാവിന്റെ ക്ലിനിക്കൽ സാമ്പിളുകൾ വിദഗ്ധ പരിശോധനകൾക്കായി മൂന്ന് സർക്കാർ അംഗീകൃത ലാബുകളിലേക്കും പൂനെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ അയക്കുകയും ചെയ്തു. തുടർന്ന് യുവാവിന് നിപയാണെന്ന് ഇന്ന് സ്ഥിരീകരിക്കുകയായിരുന്നു. പനി ബാധിച്ച കാലയളവിൽ രോഗിയുമായി ഇടപഴകിയ 311 പേർ നീരിക്ഷണത്തിലാണ്. ഇവരോട് വീട്ടിൽ തന്നെ കഴിയാൻ ആരോഗ്യ വകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here