കഴിഞ്ഞ അഞ്ച് വര്‍ഷം രാജ്യത്ത് ബാങ്ക് തട്ടിപ്പ് നടത്തിയവരുടെ വിവരങ്ങള്‍ പുറത്തു വിടണമെന്ന് സര്‍ക്കാറിനോട് കോണ്‍ഗ്രസ്

രാജ്യത്ത് കഴിഞ്ഞ അഞ്ച് വര്‍ഷം ബാങ്ക് തട്ടിപ്പ് നടത്തിയവരുടെ വിവരങ്ങള്‍ പുറത്ത് വിടാന്‍ ബി ജെ പി സര്‍ക്കാര്‍ തയ്യാറാകണമെന്ന് കോണ്‍ഗ്രസ്. വിവരാവകാശ അപേക്ഷക്ക് റിസര്‍വ്വ് ബാങ്ക് നല്‍കിയ കണക്കുകള്‍ ഉദ്ധരിച്ചാണ് വിമര്‍ശം. രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കി സര്‍ക്കാര്‍ ധവള പത്രമിറക്കണമെന്നും കോണ്‍ ഗ്രസ് വക്താവ് ജയ് വീര്‍ ഷെര്‍ഗില്‍ പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞ് വീണ്ടും ബി ജെ പി സര്‍ക്കാരിനെതിരെ സമ്പത്ത് വ്യവസ്ഥയുടെ തകര്‍ച്ചയെ കുറിച്ചുള്ള വിമര്‍ശനങ്ങള്‍ ഉയര്‍ത്തി കൊണ്ട് വരികായാണ് കോണ്‍ഗ്രസ്.

വിവരാകാശ ചോദ്യത്തിന് റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ നല്‍കിയ മറുപടിയിലാണ് കഴിഞ്ഞ വര്‍ഷങ്ങളില്‍ കോടിക്കണക്കിന് രൂപയുടെ ബാങ്ക് തട്ടിപ്പുകള്‍ നടന്നിട്ടുണ്ടെന്ന് വ്യക്തമാക്കുന്നത്. 2018-19 സാമ്പത്തിക വര്‍ഷത്തില്‍ മാത്രം 6800 കേസുകളിലായി 71500 കോടി രൂപയുടെ തട്ടിപ്പ് നടന്നു. 2017-18 കാലത്ത് 5916 കേസുകളിലായി 41167.03 കോടി രൂപയുടെ തട്ടിപ്പും നടന്നു.

2008 മുതല്‍ 2019നും വരെയുള്ള കഴിഞ്ഞ പതിനൊന്ന് വര്‍ഷങ്ങളിലായി 53,334 തട്ടിപ്പുകളും അത് വഴി രാജ്യത്തിന് 2.05 ലക്ഷം കോടി നഷ്ടമുണ്ടായതായും പറയുന്നു. ഇത്രയും വലിയ തട്ടിപ്പുകള്‍ നടത്തിയിട്ടും സര്‍ക്കാര്‍ അവരുടെ പേരുകള്‍ പുറത്ത് വിടാന്‍ ബിജെപി സര്‍ക്കാര്‍ തയ്യാറാകാത്തത് ഭയം മൂലമാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. തൊഴില്‍ ഇല്ലായ്മ, ജിഡിപി, ബാങ്ക് തട്ടിപ്പ് എന്നിങ്ങനെ എന്‍ഡിഎ സര്‍ക്കാരിന്റെ കാലത്തെ കണക്കുകള്‍ ഓരോന്നായി പുറത്ത് വരികയാണെന്ന് കോണ്‍ഗ്രസ് വക്താവ് ജയ് വീര്‍ ഷര്‍ഗില്‍ വിമര്‍ശിച്ചു.

മദ്യ വ്യവസായി വിജയ് മല്ല്യ, വജ്രവ്യാപാരി നീരവ് മോദി അദ്ദേഹത്തിന്റെ ബന്ധു മെഹുല്‍ ചോക്‌സി തുടങ്ങിയവര്‍ വായ്പ തട്ടിപ്പുകള്‍ നടത്തി രാജ്യം വിട്ടതോടെയാണ് ബാങ്ക് തട്ടിപ്പ് വിവരങ്ങള്‍ പുറത്ത് വന്നത്. പക്ഷെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിടാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. ഇതിനിടെയാണ് വിവരാവകാശ അപേക്ഷ പ്രകാരം ആര്‍ബിഐ കണക്കുകള്‍ നല്‍കിയിരിക്കുന്നത്. രാജ്യത്തിന്റെ സാമ്പത്തിക മോശാവസ്ഥ പരിഹരിക്കാന്‍ റിസര്‍വ്വ് ബാങ്ക്‌
ഇടപെടല്‍ നടത്തണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top