Advertisement

അവർ ഇത്രയും മികച്ച അഭിനേതാക്കളെന്ന് അറിയുന്നത് ഇഷ്‌ക് കണ്ടപ്പോൾ’; മലയാള സിനിമ മുന്നോട്ടു തന്നെയെന്ന് സത്യൻ അന്തിക്കാട്

June 5, 2019
Google News 2 minutes Read

ഇഷ്‌കിനെക്കുറിച്ച് സംവിധായകൻ സത്യൻ അന്തിക്കാടിന്റെ വാക്കുകൾ ശ്രദ്ധേയമാകുന്നു. ‘ഷൈൻ ടോം ചാക്കോയും, ഷെയ്ൻ നിഗവും, ജാഫർ ഇടുക്കിയുമൊന്നും നമുക്ക് അപരിചിതരല്ല. പക്ഷെ അവർ ഇത്രയും മികച്ച അഭിനേതാക്കളാണെന്ന് തിരിച്ചറിയുന്നത് ‘ഇഷ്‌ക്’ കാണുമ്പോഴാണെന്ന് സത്യൻ അന്തിക്കാട് ഫേസ്ബുക്കിൽ കുറിച്ചു.

നായിക ആൻ ശീതളും വളരെ സ്വാഭാവികമായി അഭിനയിച്ചിരിക്കുന്നു. ഒരു നല്ല സംവിധായകൻ ക്യാമറക്കു പിന്നിൽ നിൽക്കുമ്പോഴാണ് ഇത്തരം അനുഭവങ്ങൾ ഉണ്ടാകുന്നത്. ഒരു നവാഗത സംവിധായകനെ സംബന്ധിച്ച് ഇതിൽപരം മറ്റ് അംഗീകാരങ്ങളൊന്നും കിട്ടാനില്ലെന്നും സത്യൻ അന്തിക്കാട് കുറിച്ചു. പ്രേക്ഷകരുടെ ഉള്ളിൽ തട്ടാൻ പാകത്തിലുള്ള ഒരു ചിത്രം എന്ന നിലയിൽ സംവിധായകനും എഴുത്തുകാരനും വിജയിച്ചിരിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പുറത്തിറങ്ങുന്ന ഒരോ ചിത്രങ്ങളിലും തന്റെ അഭിനയ മികവ് കൊണ്ട് വിസ്മയം തീർക്കുന്ന നടനാണ് സിദ്ദിഖ് എന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ പരാമർശിച്ചു. സൗബിൻ ഷാഹിർ മറ്റൊരത്ഭുതമാണെന്നും അദ്ദേഹം പറഞ്ഞു. ഒടുവിലിനേയും ശങ്കരാടിയേയും കുറിച്ചുള്ള ഓർമ്മകളും അദ്ദേഹം പുതുക്കി. അഭിനയ മികവിന്റെ കാര്യത്തിൽ മലയാള സിനിമ സമ്പന്നമാണെന്നും മലയാള സിനിമയുടെ ഭാവിയെക്കുറിച്ച് ആശങ്കപ്പെടേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

തിരഞ്ഞെടുപ്പും, അതിന്റെ കോലാഹലങ്ങളും കഴിഞ്ഞു. നമ്മളെങ്ങനെ തോറ്റു എന്നതിനെക്കുറിച്ചുള്ള ‘താത്വികമായ അവലോകനങ്ങളും’ കഴിഞ്ഞു. ഇപ്പോഴും വിഘടനവാദികളും പ്രതിക്രിയാവാദികളും തമ്മിലുള്ള ‘അന്തർധാര സജീവമായിരുന്നു’ എന്ന കണ്ടെത്തലിനു തന്നെയാണ് മുൻതൂക്കം. ഈയടുത്ത ദിവസം ശ്രീ എം. പി. വീരേന്ദ്രകുമാർ ഒരു സൗഹൃദസംഭാഷണത്തിനിടയിൽ പറഞ്ഞു ‘സന്ദേശ’ത്തിലെ ഈ സംഭാഷണം ഇത്രയേറെ ശ്രദ്ധിക്കപ്പെടാൻ കാരണം അത് ശങ്കരാടി എന്ന അനുഗ്രഹീത നടൻ പറഞ്ഞതുകൊണ്ടാണ്.
വാസ്തവം!

കണ്മുന്നിലുള്ളപ്പോൾ അതിന്റെ വിലയറിയില്ലല്ലോ. ശങ്കരാടിയും ഒടുവിൽ ഉണ്ണികൃഷ്ണനുമൊക്കെ അഭിനയകലയിലെ പകരം വെക്കാനില്ലാത്തവരാണെന്ന് നമ്മൾ പോലും തിരിച്ചറിയുന്നത് അവരുടെ അഭാവത്തിലാണ്. അഭിനയമികവിന്റെ കാര്യത്തിൽ ഇന്നും മലയാള സിനിമ സമ്പന്നമാണ്. നായകനടന്മാരെ മാറ്റി നിർത്തിക്കൊണ്ട് പറയാം. നമ്മുടെ സിദ്ധിഖ് ഇപ്പോൾ ഓരോ സിനിമയിലും നമ്മെ വിസ്മയിപ്പിക്കുകയല്ലേ. സംഭാഷണത്തിലും, ചെറിയ ചലനങ്ങളിൽ പോലും എത്ര സ്വാഭാവികമായാണ് സിദ്ധിഖ് പെരുമാറുന്നത്. ഭരത് ഗോപിച്ചേട്ടന്റെ പാതയിലൂടെയാണ് സിദ്ധിക്കിന്റെ യാത്ര എന്ന് തോന്നാറുണ്ട്. സൗബിൻ ഷാഹിർ മറ്റൊരു അത്ഭുതം.

ഇപ്പോൾ ഇതൊക്കെ ഓർമ്മിക്കാൻ കാരണം ‘ഇഷ്‌ക്’ എന്ന സിനിമയാണ്. ഇത്തിരി വൈകിയാണ് ‘ഇഷ്‌ക്’ കണ്ടത്. ഷൈൻ ടോം ചാക്കോയും, ഷെയ്ൻ നിഗവും, ജാഫർ ഇടുക്കിയുമൊന്നും നമുക്ക് അപരിചിതരല്ല. പക്ഷെ അവർ ഇത്രയും മികച്ച അഭിനേതാക്കളാണെന്ന് തിരിച്ചറിയുന്നത് ‘ഇഷ്‌ക്’ കാണുമ്പോഴാണ്. നായിക ആൻ ശീതളും വളരെ സ്വാഭാവികമായി അഭിനയിച്ചിരിക്കുന്നു. ഒരു നല്ല സംവിധായകൻ ക്യാമറക്കു പിന്നിൽ നിൽക്കുമ്പോഴാണ് ഇത്തരം അനുഭവങ്ങൾ ഉണ്ടാകുന്നത്.  അനുരാജ് മനോഹർ എന്ന പുതിയ സംവിധായകനെ നിറഞ്ഞ മനസ്സോടെ അഭിനന്ദിക്കുന്നു. നമ്മൾ ജീവിക്കുന്ന ചുറ്റുപാടുകളിൽ നിന്ന് ഒരു വിഷയം കണ്ടെത്തുക, അത് ഉള്ളിൽ തട്ടും വിധം പ്രേക്ഷകരിലേക്ക് പകരുക രണ്ടിലും സംവിധായകനും എഴുത്തുകാരനും വിജയിച്ചിരിക്കുന്നു. ഒട്ടും ആശങ്കപ്പെടേണ്ടതില്ല. മലയാള സിനിമ മുന്നോട്ടു തന്നെയാണ് എല്ലാ അർത്ഥത്തിലും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here