Advertisement

ബിലാർ പട്ടണം വിളിക്കുന്നു, സ്‌ട്രോബറി പഴങ്ങൾക്കൊപ്പം വായനയുടെ നന്മ നുണയാൻ

June 5, 2019
Google News 1 minute Read

മഹാരാഷ്ട്രയിലെ മഹാബലേശ്വറിനടുത്തെ ബിലാർ പട്ടണത്തിൽ ചെന്നാൽ വേറിട്ട് ചിന്തിക്കുന്ന കുറച്ച് മനുഷ്യരെ കാണാം. വായനശാലയ്ക്കായി തങ്ങളുടെ താമസ സ്ഥലത്തിന്റെ ഒരു ഭാഗം തന്നെ വിട്ടു നൽകിയാണ് ഇവർ വ്യത്യസ്തരാകുന്നത്. ഏറ്റവും കൂടുതൽ സ്‌ട്രോബറികൾ വളരുന്ന നാടെന്ന ഖ്യാതിയും ഈ ദേശത്തിന് സ്വന്തമാണ്. മഹാബലേശ്വർ, പഞ്ചാഗണി എന്നീ മനോഹരമായ ഹിൽസ്റ്റേഷനുകളിൽ നിന്ന് ഏതാനും കിലോമീറ്ററുകൾ മാറിയാണ് രാജ്യത്തെ ഏറ്റവും മികച്ച സ്‌ട്രോബറികൾ വളർരുന്ന ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്.

ഗ്രാമവാസികളടങ്ങുന്ന 25 കുടുംബങ്ങൾ ചേർന്നാണ് തുറന്ന ലൈബ്രറികൾ സ്ഥാപിക്കാൻ തങ്ങളുടെ വീടിന്റെ ഒരു ഭാഗം വിട്ടുകൊടുത്തത്. അതുകൊണ്ടു തന്നെ പുസ്തകങ്ങളുടെ നഗരം എന്ന് ഇവിടം അറിയപ്പെടുന്നു. വിപുലമായ പുസ്തക ശേഖരമാണ് ഇവിടെ നമ്മളെ കാത്തിരിക്കുന്നത്. മഹാരാഷ്ട്ര സർക്കാർ അവരുടെ കാഴ്ചപ്പാടിലൂടെയാണ് ഈ ആശയത്തെ വിപുലീകരിച്ചത്. മറാത്തി ഭാഷ വിദഗ്ധർ വിവിധ തരത്തിലുള്ള 30000 പുസ്തകങ്ങളുടെ ഒരു ശേഖരം തന്നെ തയ്യാറാക്കി നൽകിയിട്ടുണ്ട്. അത് പിന്നീട് ഹോം ലൈബ്രറികൾ, ക്ഷേത്രങ്ങൾ, സ്‌കൂളുകൾ തുടങ്ങിയ പൊതു ഇടങ്ങളിൽ വിതരണം ചെയ്തു. ഓരോ വീടിനും ഒരു തലമുറയുമായി ബന്ധപ്പെട്ട പുസ്തകങ്ങൾ അനുവദിച്ചിരുന്നു. നിരവധി ടൂറിസ്റ്റുകളാണ് ഇവിടം സന്ദർശിക്കാനെത്തുന്നത്. അക്ഷരാർത്ഥത്തിൽ ഇവിടം ഒരു വായനക്കാരന്റെ പറുദീസയല്ല, വായനക്കാർക്കായി തുറന്നു കൊടുക്കുന്ന പറുദീസയാണ്.

പ്രദേശവാസിയായ ഗൺപത് പാർത്തെ പറയുന്നത് ഇങ്ങനെ, ‘സന്ദർശകർ വരുമ്പോഴും ഞങ്ങൾ ഞങ്ങളുടെ ജോലി തുടരും. കുടുംബത്തിലെ അംഗങ്ങളിലാരെങ്കിലും സന്ദർശകർക്ക് ഹാളിലെ അലമാരയിൽ സൂക്ഷിച്ചിരിക്കുന്ന പുസ്തകങ്ങൾ കാണിച്ചു കൊടുക്കും. അവർ സോഫയിലോ ബാൽക്കണിയിലോ ഇരുന്ന് അവർക്ക് ആവശ്യമുള്ള സമയത്തോളം വായന തുടരും. അവർ ഞങ്ങളെ ഒരു രീതിയിലും തടസ്സപ്പെടുത്തുകയില്ല. 2000 ത്തോളം ഗ്രാമവാസികളാണ് ഈ പദ്ധതിയിൽ ആവേശം കൊള്ളുന്നത്, പദ്ധതിയിൽ ചേർന്ന മിക്ക ഗ്രാമീണരും സ്‌ട്രോബറി കൃഷിയിൽ ഏർപ്പെട്ടിട്ടുണ്ടെന്നും ഗൺപത് പറയുന്നു.

‘ഈ വീടുകളൊന്നും ഒരിക്കലും പൂട്ടിക്കിടക്കുകയില്ല. ആരെങ്കിലുമൊരാൾ ഇവിടെ എപ്പോഴുമുണ്ടാകും. അപരിചിതർ നമ്മുടെ വീട്ടിലേക്ക് കയറുന്നതിനെക്കുറിച്ച് ഞങ്ങൾക്കൊരിക്കലും ആശങ്കയില്ല. വായനയിലൂടെ സംസ്‌കാരമുള്ളവരായി എല്ലാവരും മാറുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.’ ഒരു കുടുംബത്തിലെ അംഗമായ മംഗൽ ഭിലാരെ പറഞ്ഞു നിർത്തി. സ്‌ട്രോബറി സീസൺ ആകുമ്പോൾ ബിലാർ നിവാസികൾ കാത്തിരിക്കും, നാടുകൾ താണ്ടി തങ്ങളുടെ സ്‌ട്രോബറി തോട്ടവും വായനശാലയും കാണാനെത്തുന്നവരെ നിറ മനസോടെ സ്വീകരിക്കാൻ.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here