ചെയര്‍മാന്‍ പദവി വിട്ടുനല്‍കില്ല; നിലപാട് കടുപ്പിച്ച് ജോസ് കെ മാണി വിഭാഗം

ചെയര്‍മാന്‍ പദവി വിട്ടുനല്‍കില്ലെന്ന നിലപാട് കടുപ്പിച്ച് ജോസ് കെ മാണി വിഭാഗം. യോഗത്തില്‍ പങ്കെടുത്ത എട്ട് ജില്ല പ്രസിഡന്റുമാര്‍ ജോസ് കെ മാണി ചെയര്‍മാന്‍ ആകണമെന്ന് നിലപാടറിയിച്ചു. സംസ്ഥാന കമ്മറ്റി ചേരാതെ പാര്‍ലമെന്ററി പാര്‍ട്ടി യോഗം വിളിച്ചാല്‍ പങ്കെടുക്കേണ്ടെന്ന് യോഗത്തില്‍ തീരുമാനമായി. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തുന്നത് പിജെ ജോസഫാണെന്നും, സിഎഫ് തോമസിനെ ചെയര്‍മാന്‍ ആക്കണമെന്ന ആവശ്യം ഗൂഢ തന്ത്രമാണെന്നും ജോസ് കെ മാണി വിഭാഗം ആരോപിച്ചു.
ചെയര്‍മാന്‍ തെരഞ്ഞെടുപ്പ് വൈകിയാല്‍ കടുത്ത തീരുമാനങ്ങളിലേക്ക് പോകാനും ജോസ് കെ മാണിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ ധാരണയായി. പാര്‍ട്ടിയില്‍ കെഎം മാണിയുടെ പാരമ്പര്യത്തിന് തുടര്‍ച്ചയുണ്ടാക്കാന്‍ ജോസ് കെ മാണി ചെയര്‍മാനാകണമെന്ന ആവശ്യമാണ് പാലായില്‍ ചേര്‍ന്ന ഗ്രൂപ്പ് യോഗത്തില്‍ ഉയര്‍ന്നുവന്നത്. ചെയര്‍മാന്‍ പദവി മാണി വിഭാഗത്തിന്റെ അവകാശമാണെന്നും വിട്ടു നല്‍കില്ലെന്നും നിലപാട് കടുപ്പിച്ചു. സംസ്ഥാന കമ്മറ്റി യോഗം നീണ്ടു പോകുന്നത് അംഗീകരിക്കാനാകില്ലെന്ന് യോഗ ശേഷം റോഷി അഗസ്റ്റിന്‍ എംഎല്‍എ വ്യക്തമാക്കി.
യോഗ ശേഷം മാണി ഗ്രൂപ്പ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പി.ജെ ജോസഫിനെതിരെ രൂക്ഷവിമര്‍ശനമാണ് ഉന്നയിക്കുന്നത്. ജോസഫ് പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനവും വിഭാഗീയ നീക്കവും നടത്തുന്നു എന്നാണ് ആരോപണം. ലയന സമയത്ത് ഉണ്ടാക്കിയ ധാരണകള്‍ ജോസഫ് വിഭാഗം ലംഘിക്കുകയാണ്. സിഎഫ് തോമസിനെ ചെയര്‍മാന്‍ ആക്കണം എന്നുള്ള ജോസഫിന്റെ ആവശ്യം ഗൂഢലക്ഷ്യത്തിലാണെന്നും വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നു. ഇതിനു പിന്നില്‍ ജോയ് എബ്രഹാം ആണെന്നാണ് ആരോപണം. എന്നാല്‍ വാര്‍ത്താ കുറിപ്പിലെ ആരോപണങ്ങള്‍ ജോസ് കെ മാണി നിഷേധിച്ചു.
സംസ്ഥാന കമ്മിറ്റി ചേര്‍ന്നില്ലെങ്കില്‍ മാണി വിഭാഗം കടുത്ത തീരുമാനങ്ങളിലേക്ക് പോയേക്കും. തീരുമാനങ്ങളെടുക്കാന്‍ ജോസ് കെ മാണിയെ ചുമതലപ്പെടുത്തിയാണ് യോഗം പിരിഞ്ഞത്. എംഎല്‍എമാരായ റോഷി അഗസ്റ്റിന്‍, എന്‍ ജയരാജ് എന്നിവരും നിയുക്ത എംപി തോമസ് ചാഴികാടനും യോഗത്തില്‍ പങ്കെടുത്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here