Advertisement

ബംഗാളിൽ ഒരു തൃണമൂൽ നേതാവ് കൂടി കൊല്ലപ്പെട്ടു; കൊലപാതകങ്ങൾക്ക് പിന്നിൽ ബിജെപിയെന്ന് തൃണമൂൽ കോൺഗ്രസ്

June 6, 2019
Google News 4 minutes Read

പശ്ചിമ ബംഗാളിൽ ഒരു തൃണമൂൽ കോൺഗ്രസ് നേതാവ് കൂടി കൊല്ലപ്പെട്ടു. കൂച്ച് ബിഹാറിലെ ദിൻഹതയിലാണ് ഇന്നലെ രാത്രി തൃണമൂൽ നേതാവ് അജിജാർ റഹ്മാൻ മർദ്ദനമേറ്റ്  കൊല്ലപ്പെട്ടത്. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ ഇത് രണ്ടാമത്തെ തൃണമൂൽ നേതാവാണ് ബംഗാളിൽ കൊല്ലപ്പെടുന്നത്. നോർത്ത് കൊൽക്കത്തയിലെ നിംറ്റയിൽ ചൊവ്വാഴ്ച രാത്രി തൃണമൂൽ കോൺഗ്രസ് നേതാവ് നിർമ്മൽ കുന്ദു (35) വെടിയേറ്റ് മരിച്ചിരുന്നു.

Read Also; ബംഗാളിൽ തൃണമൂൽ കോൺഗ്രസ് നേതാവ് വെടിയേറ്റ് മരിച്ചു

ബൈക്കിലെത്തിയ രണ്ടംഗസംഘം ഇയാൾക്കു നേരെ വെടിയുതിർക്കുകയായിരുന്നു. വെടിയേറ്റു വീണ നിർമ്മൽ കുന്ദുവിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അക്രമികൾ ബൈക്കിലെത്തുന്നതിന്റെയും വെടിയുതിർക്കുന്നതിന്റെയും സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ കൊൽക്കത്ത പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കൊലപാതകങ്ങൾക്ക് പിന്നിൽ ബിജെപിയാണെന്ന് തൃണമൂൽ കോൺഗ്രസ് ആരോപിച്ചു.

Read Also; ബംഗാളിൽ തൃണമൂൽ നേതാക്കൾ കൂട്ടത്തോടെ ബിജെപിയിലേക്ക്; സിപിഎം എംഎൽഎയും പാർട്ടി വിട്ടു

എന്നാൽ ആരോപണം ബിജെപി നിഷേധിച്ചു. വ്യക്തി വൈരാഗ്യമായിരിക്കാം കൊലപാതകത്തിന് കാരണമെന്നും കൊലപാതകങ്ങളെ തൃണമൂൽ കോൺഗ്രസ് രാഷ്ട്രീയവത്ക്കരിക്കുകയാണെന്നും ബിജെപി ആരോപിച്ചു. കൊല്ലപ്പെട്ട തൃണമൂൽ നേതാക്കളുടെ വീട് ഇന്ന് സന്ദർശിക്കുമെന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി അറിയിച്ചിട്ടുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വോട്ടെടുപ്പിന്റെ എല്ലാ ഘട്ടങ്ങളിലും ബംഗാളിൽ തൃണമൂൽ-ബിജെപി പ്രവർത്തകർ തമ്മിൽ വ്യാപകമായി ഏറ്റുമുട്ടിയിരുന്നു. തെരഞ്ഞെടുപ്പ് ഫലം വന്ന ശേഷവും പലയിടത്തും സംഘർഷം തുടരുന്നുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here