പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കേരളത്തിലെത്തും; സത്യപ്രതിജ്ഞയ്ക്ക് ശേഷമുള്ള ആദ്യ പൊതുപരിപാടി നാളെ ഗുരുവായൂരിൽ

ഗുരുവായൂർ ക്ഷേത്ര ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കേരളത്തിലെത്തും. രാത്രി 11.35 ന് കൊച്ചി നാവിക വിമാനത്താവളത്തിൽ ഇറങ്ങുന്ന പ്രധാനമന്ത്രി തുടർന്ന് എറണാകുളം ഗസ്റ്റ് ഹൗസിൽ തങ്ങും. നാളെ രാവിലെ 8.55 ന് ഗസ്റ്റ് ഹൗസിൽ നിന്നിറങ്ങി കൊച്ചി നാവിക വിമാനത്താവളത്തിലെത്തിയ ശേഷം പ്രധാനമന്ത്രി 9.15 ന് പ്രത്യേക ഹെലികോപ്റ്ററിൽ ഗുരുവായൂരിലേക്ക് പോകും. 10 മണിയോടെ ഗുരുവായൂരിലെത്തുന്ന പ്രധാനമന്ത്രി ക്ഷേത്രദർശനത്തിന് ശേഷം ഗുരുവായൂർ ശ്രീകൃഷ്ണ ഹയർസെക്കൻഡറി സ്‌കൂൾ ഗ്രൗണ്ടിൽ ബിജെപിയുടെ പൊതുയോഗത്തിലും പങ്കെടുക്കും. പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ശേഷം നരേന്ദ്രമോദി ആദ്യമായി പങ്കെടുക്കുന്ന പൊതുപരിപാടിയാണ് ഗുരുവായൂരിലേതെന്ന പ്രത്യേകതയുമുണ്ട്.
Read Also; അമ്മയുടെ കാൽ തൊട്ട് വന്ദിച്ച് അനുഗ്രഹം തേടി നരേന്ദ്രമോദി; ഗുജറാത്തിൽ വൻ സ്വീകരണം
തുടർന്ന് 12.40 ന് ഹെലികോപ്റ്ററിൽ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് തിരിക്കുന്ന പ്രധാനമന്ത്രി 2 മണിയുടെ വിമാനത്തിൽ ഡൽഹിക്ക് മടങ്ങും. താമരപ്പൂവ് കൊണ്ടുള്ള തുലാഭാരവും കളഭച്ചാർത്ത് ഉൾപ്പെടെയുള്ള വഴിപാടുകളും പ്രധാനമന്ത്രി ഗുരുവായൂർ ക്ഷേത്രത്തിൽ നടത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്.
Read Also; പ്രധാനമന്ത്രിക്കും മുരളീധരനും മുഖ്യമന്ത്രിയുടെ അഭിനന്ദനം
പ്രധാനമന്ത്രി ക്ഷേത്രദർശനത്തിന് എത്തുന്നതുമായി ബന്ധപ്പെട്ട് കനത്ത സുരക്ഷയാണ് ഗുരുവായൂരിലും പരിസര പ്രദേശങ്ങളിലും ഒരുക്കിയിരിക്കുന്നത്.ക്ഷേത്രപരിസരത്തെ ലോഡ്ജുകളിലും കടകളിലുമെല്ലാം പൊലീസ് പരിശോധന നടത്തിയിരുന്നു. ലോഡ്ജുകളിലെ താമസക്കാരുടെ വിവരങ്ങളടക്കം ശേഖരിക്കുന്നുണ്ട്. ബോംബ്, ഡോഗ് സ്‌ക്വാഡുകളും സജ്ജമാക്കിയിട്ടുണ്ട്. 2014 ൽ പ്രധാനമന്ത്രിയായതിന് ശേഷം ഇതാദ്യമായാണ് നരേന്ദ്രമോദി ഗുരുവായൂരിൽ ദർശനത്തിനെത്തുന്നത്. ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ 2008 ജനുവരിയിൽ മോദി ഗുരുവായൂരിലെത്തിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here