അപകടസമയം വണ്ടിയോടിച്ചത് അർജുൻ തന്നെ; പ്രകാശ് തമ്പിയുടെ നിർണ്ണായക മൊഴി

വയലിനിസ്റ്റ് ബാലഭാസ്‌ക്കറിന്റെ മരണവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ സുഹൃത്തും സ്വർണ്ണക്കടത്ത് കേസിലെ പ്രതിയുമായ പ്രകാശ് തമ്പിയുടെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി. മൊഴിയെടുക്കൽ അഞ്ച് മണിക്കൂർ നീണ്ട് നിന്നു. അപകടസമയം വണ്ടിയോടിച്ചത് അർജുൻ തന്നെയാണെന്നാണ് പ്രകാശ് തമ്പി മൊഴി നൽകി. ആശുപത്രിയിൽ കിടക്കുമ്പോൾ ഇക്കാര്യം തന്നോടു പറഞ്ഞിരുന്നുവെന്നും പ്രകാശ് തമ്പി ക്രൈംബ്രാഞ്ചിനോട് വ്യക്തമാക്കി.
ബാലഭാസ്‌ക്കറും കുടുംബവും ജ്യൂസ് കുടിക്കാൻ കയറിയ കൊല്ലത്തെ കടയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവെന്നും പ്രകാശ് തമ്പി പറഞ്ഞു. അർജുൻ മൊഴി മാറ്റിയ ശേഷമാണ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചത്. അതിന് ശേഷം അർജുൻ ഫോൺ ബന്ധം വിച്ഛേദിപ്പിച്ചു. ബാലഭാസ്‌ക്കറിനൊപ്പം രണ്ട് തവണ ഗൾഫ് യാത്ര നടത്തിയെന്നും പ്രകാശ് തമ്പി മൊഴി നൽകി. ക്രൈംബ്രാഞ്ചിന്റെ മൊഴിയെടുക്കൽ അഞ്ച് മണിക്കൂർ നീണ്ടു. മൊഴി പരിശോധിച്ച ശേഷം കൂടുതൽ ചോദ്യം ചെയ്യണമോ എന്ന കാര്യത്തിൽ ക്രൈംബ്രാഞ്ച് തീരുമാനമെടുക്കും.
ബാലഭാസ്‌കറിന്റെ മരണത്തിൽ ബന്ധമുണ്ടോ എന്ന് പരിശോധിക്കാനാണ് ക്രൈംബ്രാഞ്ച് പ്രകാശ് തമ്പിയെ ചോദ്യം ചെയ്തത്. എറണാകുളം സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന കോടതിയുടെ പ്രത്യേക അനുമതിയോടെ കാക്കനാട്ടെ ജയിലിലെത്തിയായിരുന്നു ചോദ്യം ചെയ്യൽ. ജയിലിലെ സൗകര്യം അനുസരിച്ച് ചോദ്യം ചെയ്യാനായിരുന്നു കോടതി അനുമതി നൽകിയത്.
അന്വേഷണത്തിൽ നിർണ്ണായകമായ ജ്യൂസ് കടയിലെ സിസിടിവി ദൃശ്യങ്ങൾ ബാലഭാസ്‌ക്കറിന്റെ മരണത്തിന് ശേഷം താൻ കൊണ്ടുപോയി പരിശോധിച്ചെന്ന് പ്രകാശ് തമ്പി നേരത്തേ ക്രൈം ബ്രാഞ്ചിനോട് സമ്മതിച്ചിരുന്നു. ഹാർഡ് ഡിസ്‌ക്ക് അടക്കമുള്ളവ കട ഉടമ ഷംനാദിന്റെ സുഹൃത്തിന്റെ സഹായത്തോടെ കൊണ്ടു പോയ ശേഷം തിരിച്ചെത്തിച്ചെന്നായിരുന്നു തമ്പിയുടെ മൊഴി. ഇക്കാര്യം ക്രൈംബ്രാഞ്ചിനോട് സമ്മതിച്ച കട ഉടമ ഷംനാദ് പക്ഷേ മാധ്യമങ്ങൾക്ക് മുന്നിൽ നിലപാട് മാറ്റുകയായിരുന്നു. ബാലഭാസ്‌ക്കറിന്റെ അച്ഛനും അമ്മാവനുമുൾപ്പടെ പ്രകാശ് തമ്പിക്കെതിരെ മൊഴി നൽകിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here