ബൈക്ക് ഇടിച്ച ശേഷം ക്രൂരമായി വെട്ടി; സിഒടി നസീറിന് നേരെയുള്ള വധശ്രമത്തിന്റെ ദൃശ്യങ്ങൾ ട്വന്റിഫോറിന്

വടകരയില സ്വതന്ത്ര സ്ഥാനാർത്ഥിയും മുൻ സിപിഐഎം നേതാവുമായ സിഒടി നസീറിനെ ആക്രമിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. ബൈക്ക് ദേഹത്ത് കയറ്റുന്നതും തുടർച്ചയായി ആക്രമിക്കുന്നതുമായ സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ബൈക്ക് ഇടിച്ച ശേഷമാണ് ആക്രമണം നടന്നത്. നസീർ അത് വഴി വരുമെന്നത് നേരത്തെ അറിഞ്ഞ ഒരു സംഘം വഴിയിൽ കാത്ത് നിൽക്കുന്നുണ്ടായിരുന്നു. ഇവർ സിഒടി നസീറിനെ ഓടിച്ചിട്ട് വെട്ടുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. ആക്രമണത്തിന്റെ ദൃശ്യങ്ങൾ ട്വന്റിഫോറിന് ലഭിച്ചു.
കഴിഞ്ഞ മാസം പതിനെട്ടാം തീയതി രാത്രിയാണ് സിഒടി നസീർ ആക്രമിക്കപ്പെട്ടത്. മൂന്നംഗ സംഘമാണ് നേരിട്ട് ആക്രമിക്കാനെത്തിയത്. ആക്രമണത്തിൽ നേരിട്ട് പങ്കെടുത്ത കൊളശേരി സ്വദേശി റോഷൻ, വേറ്റുമ്മൽ സ്വദേശി ശ്രീജൻ എന്നിവർ കഴിഞ്ഞ ദിവസം തലശേരി കോടതിയിൽ കീഴടങ്ങിയിരുന്നു. പൊലീസ് എഫ്‌ഐആറിലോ അന്വേഷണ പരിധിയിലോ ഉൾപ്പെടാത്തവരാണ് കീഴടങ്ങിയ രണ്ട് പേരും.
അന്വേഷണം ദൃശ്യങ്ങളിൽ കാണുന്നവരിലേക്ക് മാത്രം ഒതുക്കി നിർത്തെരുതെന്നും കൂടുതൽ പേരിലേക്ക് വ്യാപിപ്പിക്കണമെന്നുമാണ് സിഒടി നസീർ ആവശ്യപ്പെടുന്നത്. തലശ്ശേരി എംഎൽഎ കൂടിയായ എ എം ഷംസീറാണ് ആകമണത്തിന് പിന്നിലെന്ന് നസീർ നേരത്തേ ആരോപണം ഉന്നയിച്ചിരുന്നു. ഇതിനു പുറമേ രണ്ട് ലോക്കൽ കമ്മിറ്റി അംഗങ്ങൾക്കും സംഭവുമായി ബന്ധമുണ്ട്. ഇവരിലേക്ക് കൂടി അന്വേഷണം എത്തിയാൽ മാത്രമേ യഥാർത്ഥ വശം വ്യക്തമാകുകയുള്ളൂ എന്നും സിഒടി നസീർ പറയുന്നു.
അതേസമയം, വടകരയിൽ സ്ഥാനാർഥിയായിരുന്ന പി ജയരാജിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ സിപിഐഎം ഇത് സംബന്ധിച്ച അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ടി വി രാജേഷ് എംഎൽഎയുടെ നേതൃത്വത്തിലുള്ള അന്വേഷണ കമ്മീഷനാണ് ഇത് സംബന്ധിച്ച് അന്വേഷണം നടത്തുന്നത്. തലശ്ശേരിയിലെ ജില്ലാ കമ്മിറ്റി ഓഫീസിൽ പ്രാദേശിക നേതാക്കളെ വിളിച്ചു വരുത്തി അവരിൽ നിന്നെല്ലാം മൊഴിയെടുത്തിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here