Advertisement

പാർലമെന്ററി പാർട്ടി നേതാവിനെ തെരഞ്ഞെടുക്കാൻ സാവകാശം തേടി ജോസഫ് വിഭാഗവും സ്പീക്കർക്ക് കത്ത് നൽകി

June 9, 2019
Google News 1 minute Read

കേരള കോൺഗ്രസ് (എം) പാർലമെന്ററി പാർട്ടി നേതാവിനെ തെരഞ്ഞെടുക്കാൻ സാവകാശം തേടി പി.ജെ ജോസഫ് വിഭാഗവും സ്പീക്കർക്ക് കത്ത് നൽകി. പാർട്ടിയിൽ ചർച്ചകൾ പൂർത്തിയാകാത്ത സാഹചര്യത്തിൽ സാവകാശം ആവശ്യമായി വന്നിരിക്കുകയാണെന്നും ഇക്കാര്യം പരിഗണിച്ച് സാവകാശം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് മോൻസ് ജോസഫ് എംഎൽഎയാണ് സ്പീക്കർക്ക് കത്ത് നൽകിയത്. നിയമസഭാ ക്രമീകരണത്തിൽ താത്കാലികമായി ഏർപ്പെടുത്തിയിട്ടുള്ള നിലവിലുള്ള സ്ഥിതി തുടരുന്നതിന് നടപടി സ്വീകരിക്കണമെന്നും മോൻസ് ജോസഫ് കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

Read Also; ‘ചെയർമാനാണെന്ന് അവകാശപ്പെട്ടിട്ടില്ല; കെ.എം മാണിയെ അപമാനിച്ചുവെന്നത് മാധ്യമസൃഷ്ടി’ : പിജെ ജോസഫ്

ജൂൺ 9 ന് മുമ്പ് പാർലമെന്ററി പാർട്ടി നേതാവിനെ തെരഞ്ഞെടുത്ത് അറിയിക്കണമെന്ന് സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ നേരത്തെ നിർദേശം നൽകിയിരുന്നു. ഈ കാലാവധി ഇന്ന്  അവസാനിക്കുമെന്നിരിക്കെ സാവകാശം തേടി ജോസ് കെ മാണി വിഭാഗം ഉച്ചയോടെ സ്പീക്കർക്ക് കത്ത് നൽകിയിരുന്നു.  ചെയർമാൻ ആരെന്നോ പാർലമെന്ററി പാർട്ടി ലീഡർ ആരെന്നോ തീരുമാനിച്ചിട്ടില്ലെന്നും പത്ത് ദിവസം കൂടി സാവകാശം നൽകണമെന്നും ആവശ്യപ്പെട്ടാണ് ജോസ് കെ മാണി വിഭാഗത്തിന് വേണ്ടി റോഷി അഗസ്റ്റിൻ എംഎൽഎ കത്ത് നൽകിയത്. അതേ സമയം റോഷി അഗസ്റ്റിൻ ഇത് സംബന്ധിച്ച് നൽകിയ കത്തിനെക്കുറിച്ച് തനിക്കറിയില്ലെന്ന് മോൻസ് പ്രതികരിച്ചു.

Read Also; 9 ന് മുമ്പ് പാർലമെന്ററി പാർട്ടി യോഗം വിളിക്കും; സമവായത്തിനാണ് എല്ലാവരും ശ്രമിക്കുന്നതെന്ന് പി.ജെ ജോസഫ്

നിയമസഭയിൽ കെ.എം മാണിയുടെ മുൻനിര സീറ്റ് പിജെ ജോസഫിന് നൽകുന്നതിനെതിരെ റോഷി അഗസ്റ്റിൻ നേരത്തെ സ്പീക്കർക്ക് കത്ത് നൽകിയിരുന്നു. മുൻ നിര സീറ്റ് ഒഴിച്ചിടാനാകില്ലെന്ന് വ്യക്തമാക്കി സീറ്റ് ജോസഫിന് അനുവദിച്ച സ്പീക്കർ ജൂൺ 9 ന് മുമ്പായി
പാർലമെന്ററി പാർട്ടി നേതാവിനെ തെരഞ്ഞെടുത്ത് അറിയിക്കണമെന്ന്   നിർദേശം നൽകുകയായിരുന്നു. എന്നാൽ ചെയർമാൻ സ്ഥാനത്തെച്ചൊല്ലി ഇരുവിഭാഗം വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാത്ത സാഹചര്യത്തിൽ ഇതുവരെ  യോഗം വിളിക്കാനോ പാർലമെന്ററി പാർട്ടി നേതാവിനെ തെരഞ്ഞെടുക്കാനോ സാധിക്കാത്തതിനാലാണ് സാവകാശം തേടി ഇരുപക്ഷവും സ്പീക്കർക്ക് കത്ത് നൽകിയിരിക്കുന്നത്. പാർലമെന്ററി പാർട്ടി നേതാവിനെ തെരഞ്ഞെടുക്കും വരെ നിയമസഭയിൽ ജോസഫിന് മുൻനിര സീറ്റ് നൽകുന്നത് തുടരണമെന്നും
മോൻസ് ജോസഫ് കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here