ഓപ്പണർമാർ തിളങ്ങി; ഇന്ത്യക്ക് ഉജ്ജ്വല തുടക്കം

ലോകകപ്പിലെ തങ്ങളുടെ രണ്ടാം മത്സരത്തിനിറങ്ങിയ ഇന്ത്യക്ക് ഓസ്ട്രേലിയക്കെതിരെ ഉജ്ജ്വല തുടക്കം. അർദ്ധസെഞ്ചുറി നേടിയ രോഹിത് ശർമ്മയും സെഞ്ചുറി നേടിയ ശിഖർ ധവാനുമാണ് ഇന്ത്യക്ക് മികച്ച തുടക്കം നൽകിയത്.
ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്കൻ പേസ് അറ്റാക്കിനെ എതിരിട്ട അതേ രീതിയിലാണ് രോഹിത് ശർമ്മ തുടങ്ങിയത്. ടിപ്പിക്കൽ ഹിറ്റ്മാൻ ബാറ്റിംഗ് മാറ്റി നിർത്തി രോഹിത് ശ്രദ്ധാപൂർവ്വം ബാറ്റ് ചെയ്തു. എന്നാൽ മറുവശത്ത് ശിഖർ ധവാൻ ആക്രമണ ത്വര കാണിച്ചതോടെ സ്കോർ ഉയർന്നു. പാറ്റ് കമ്മിൻസിൻ്റെയും മിച്ചൽ സ്റ്റാർക്കിൻ്റെയും ഓപ്പണിംഗ് സ്പെൽ അതിജീവിച്ച ഓപ്പണർമാർ ആദ്യ ഏഴ് ഓവറിൽ 22 റൺസാണ്. എട്ടാം ഓവറിൽ ആദ്യ ബൗളിംഗ് ചേഞ്ചിലൂടെ വന്ന നഥാൻ കോൾട്ടർ നൈലിനെ കടന്നാക്രമിച്ച ധവാൻ്റെ കൗണ്ടർ അറ്റാക്കിലൂടെ ആദ്യ പവർ പ്ലേയിൽ ഇന്ത്യ 41 റൺസ് കൂട്ടിച്ചേർത്തു.
തുടർന്ന് ഇരു ബാറ്റ്സ്മാന്മാരും ഗിയർ മാറ്റിയതോടെ ഓസീസ് തല്ലു കൊണ്ടു. പന്തെടുത്തവരെല്ലാം ഇരുവരുടെയും ബാറ്റിൻ്റെ ചൂടറിഞ്ഞു. ഇതിനിടെ 53 പന്തിൽ തൻ്റെ അർദ്ധസെഞ്ചുറി കുറിച്ച ധവാൻ രോഹിതുമായി ചേർന്ന് ആദ്യ വിക്കറ്റിൽ സെഞ്ചുറി കൂട്ടുകെട്ടും പടുത്തുയർത്തി. തൊട്ടു പിന്നാലെ 65 പന്തുകളിൽ അർദ്ധ ശതകത്തിലെത്തിയ രോഹിത് ടൂർണമെൻ്റിലെ തുടർച്ചയായ രണ്ടാം അർദ്ധസെഞ്ചുറിയാണ് കുറിച്ചത്.
23ആം ഓവറിൽ നഥാൻ കോൾട്ടർനൈലിനു തിരിച്ചു വിളിച്ച ക്യാപ്റ്റൻ ഫിഞ്ചിനു തെറ്റിയില്ല. 57 റൺസെടുത്ത രോഹിതിൻ്റെ വിക്കറ്റ് കീപ്പർ അലക്സ് കാരിയുടെ കൈകളിലെത്തിച്ച കോൾട്ടർനൈൽ ഓസീസിന് ആദ്യ ബ്രേക്ക്‌ത്രൂ സമ്മാനിച്ചു. ധവാനുമായി 127 റൺസിൻ്റെ മികച്ച കൂട്ടുകെട്ടുയർത്തിയ ശേഷമാണ് രോഹിത് മടങ്ങിയത്.
രോഹിത് മടങ്ങിയിട്ടും ആക്രമണം തുടർന്ന ധവാൻ 95 പന്തുകളിൽ തൻ്റെ ശതകം കണ്ടെത്തി. രണ്ടാം വിക്കറ്റിൽ കോഹ്‌ലിയുമായി ഇതിനോടകം 60 റൺസ് ധവാൻ കൂട്ടിച്ചേർത്തിട്ടുണ്ട്. ഒടുവിൽ വിവരം കിട്ടുമ്പോൾ 33 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ 190 റൺസെടുത്തിട്ടുണ്ട്. 57 റൺസെടുത്ത രോഹിത് ശർമ്മയെയാണ് ഇന്ത്യക്ക് നഷ്ടമായത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here