റിയാദിൽ നിന്നു കൊച്ചിയിലേക്ക് പുറപ്പെടേണ്ട എയർ ഇന്ത്യാ വിമാനം മുടങ്ങി

റിയാദിൽ നിന്നു കൊച്ചിയിലേക്ക് പുറപ്പെടേണ്ട എയർ ഇന്ത്യാ വിമാനം മുടങ്ങി. ഇന്ന് പുലർച്ചെ 3.30ന് പുറപ്പെടേണ്ട വിമാനമാണ് മുടങ്ങിയത്. ഇതോടെ സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുളള യാത്രക്കാർ പെരുവഴിയിലായി.
റിയാദ് കൊച്ചി സെക്ടറിൽ സർവീസ് നടത്തുന്ന എഐ 924 വിമാനമാണ് റദ്ദാക്കിയത്. ഇന്നലെ രാത്രി ഒരു മണിയോടെ വിമാനത്താവളത്തിലെത്തിയവർക്ക് ബോർഡിംഗ് പാസ് വിതരണം ചെയ്തിരുന്നു. യാത്രക്കാരെ വിമാനത്തിൽ കയറ്റിയെങ്കിലും പുലർച്ചെ 3.30ന് ഷെഡ്യൂൾ ചെയ്ത വിമാനം പുറപ്പെട്ടില്ല. മണിക്കൂറുകൾ വിമാനത്തിലിരുന്ന യാത്രക്കാർ ബഹളം വെച്ചതോടെ രാവിലെ 7.30ന് പുറപ്പെടുമെന്ന് അറിയിച്ചു. എന്നാൽ നിരാശയായിരുന്നു ഫലം. ഇവരെ പിന്നീട് ഹോട്ടലിലേക്ക് മാറ്റി.
അതേസമയം, യന്ത്രത്തകരാറാണ് സർവീസ് റദ്ദാക്കാൻ കാരണമെന്ന് എയർ ഇന്ത്യ അറിയിച്ചു. മുബൈയിൽ നിന്നെത്തിയ എഞ്ചിനീയർമാർ തകരാർ പരിഹരിക്കുന്നതിന് ശ്രമം തുടരുകയാണ്. സൗദി പ്രാദേശിക സമയം രാത്രി 8.30ന് വിമാനം കൊച്ചിയിലേക്ക് പുറപ്പെടുമെന്നും എയർ ഇന്ത്യ വ്യക്തമാക്കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here