പോസ്റ്റൽ ബാലറ്റ് ക്രമക്കേട്; ക്രൈംബ്രാഞ്ച് റിപ്പോർട്ട് വൈകുന്നതിനെതിരെ ഹൈക്കോടതി

പൊലീസിലെ പോസ്റ്റൽ ബാലറ്റ് ക്രമക്കേടിനെപ്പറ്റിയുള്ള അന്വേഷണത്തിൽ ക്രൈം ബ്രാഞ്ചിന്റെ അന്തിമ റിപ്പോർട്ട് വൈകുന്നതിൽ ഹൈക്കോടതിക്ക് അതൃപ്തി. ഇന്ന് കേസ് പരിഗണിച്ച കോടതി പൊലീസിന്റെ നടപടിയിൽ അതൃപ്തി രേഖപ്പെടുത്തി. ഫലപ്രഖ്യാപനം കഴിഞ്ഞ് പതിനഞ്ച് ദിവസത്തിനകം അന്വേഷണം പൂർത്തിയാക്കുമെന്ന് സർക്കാരും നേരത്തെ കോടതിയെ അറിയിച്ചിരുന്നു. എന്നാൽ അതുണ്ടായില്ല.
പൊലീസുകാരുടെ പോസ്റ്റൽ ബാലറ്റിൽ ക്രമക്കേട് നടത്തിയതിനെപ്പറ്റി അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമർപ്പിച്ച ഹർജിയിലാണ് നടപടി. അതേസമയം ക്രമക്കേടിൽ റിപ്പോർട്ട് സമർപ്പിക്കാൻ സർക്കാർ കൂടുതൽ സമയം തേടി.കേസിൽ അന്വേഷണം പുരോഗമിക്കുന്നുണ്ടെന്ന് കോടതിയെ അറിയിച്ച സർക്കാർ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചില രേഖകൾ കിട്ടാനുണ്ടെന്നും അതിനാലാണ് അന്വേഷണം നീളുന്നതെന്നും ബോധിപ്പിച്ചു.
ഇതേത്തുടർന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് കേസ് പരിഗണിക്കുന്നത് ഈ മാസം 18ലേക്ക് മാറ്റി. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പൊലീസുകാരുടെ പോസ്റ്റൽ ബാലറ്റുകളിൽ പൊലീസ് അസോസിയേഷൻ നേതാക്കൾ ക്രമക്കേട് നടത്തിയെന്ന് ആരോപണമുയർന്നിരുന്നു. ഇതേപ്പറ്റി വിശദമായ അന്വേഷണം ആവശ്യപ്പെട്ടാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഹൈക്കോടതിയെ സമീപിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here