പാക്കിസ്ഥാൻ മുൻ പ്രസിഡന്റ് ആസിഫ് അലി സർദാരി അറസ്റ്റിൽ

പാക്കിസ്ഥാൻ മുൻ പ്രസിഡന്റ് ആസിഫ് അലി സർദാരി അറസ്റ്റിൽ. സാമ്പത്തിക തിരിമറി കേസിലാണ് അറസ്റ്റ്. അഴിമതി വിരുദ്ധ ഏജൻസിയായ നാഷണൽ അക്കൌണ്ടബലിറ്റി ബ്യൂറോയാണ് സർദാരിയെ അറസ്റ്റ് ചെയ്തത്.

വ്യാജ അക്കൌണ്ടുകൾ വഴി വിദേശത്തേക്ക് പണം കടത്തി എന്ന കേസിലാണ് നാഷണൽ അക്കൌണ്ടബലിറ്റി ബ്യൂറോ ആസിഫ് അലി സർദാരിയെ അറസ്റ്റ് ചെയ്തത് . സർദാരിയുടെ സഹോദരി ഫരിയാൽ താൽപ്പൂരിനെയും ഏജൻസി അറസ്റ്റ് ചെയ്തിട്ടുണ്ട്.

നാഷണൽ അക്കൌണ്ടബിലിറ്റി ബ്യൂറോ സർദാരിക്കെതിരെ തിങ്കളാഴ്ച്ച അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. പിന്നാലെ സമർപ്പിച്ച സർദാരിയുടെ മുൻകൂർ ജാമ്യാപേക്ഷ ഇസ്ലാമാബാദ് ഹൈക്കോടതി തള്ളി. തുടർന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇസ്ലാമാബാദിലെ ‘സർദാരി ഹൗസ്’ എന്ന ഇദ്ദേഹത്തിൻറെ വസതിയിലെത്തിയാണ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച്ച സർദാരിയെ കോടതിയിൽ ഹാജരാക്കും.

സ്വിസ് ബാങ്ക് നിക്ഷേപം, അനധികൃതമായി വസ്തുവകകൾ വാങ്ങിക്കൂട്ടൽ എന്നിങ്ങനെ നിരവധി ആരോപണങ്ങളാണ് അദ്ദേഹത്തിനെതിരെ നിലവിലുള്ളത്. ഭരണകാലയളവിൽ സർക്കാർ ഇടപാടുകളിൽ നിന്നും 10 ശതമാനം കമ്മീഷൻ കൈപറ്റുന്നു എന്ന ആരോപണത്തിന്റെ പേരിൽ സർദാരിയെ മാധ്യമങ്ങൾ ‘മിസ്റ്റർ ടെൻ പെർസന്റേജ്’ പേരിൽ കളിയാക്കിയിട്ടുണ്ട്. 20082013 കാലഘട്ടത്തിലാണ് സർദാരി പാകിസ്താൻ പ്രസിഡൻറായത്. നിലവിൽ പാക്കിസ്ഥാൻ പീപ്പിൾസ് പാർട്ടി സഹ ചെയർമാനാണ് ആസിഫ് അലി സർദാരി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top
More