സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; 9 ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഒൻപത് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. അറബിക്കടലില്‍ ലക്ഷദ്വീപിനോട് ചേർന്ന് രൂപപ്പെട്ട ന്യൂനമര്‍ദം 12 മണിക്കൂറിനുള്ളിൽ തീവ്രന്യൂനമർദ്ദമാകും. തുടർന്ന് ചുഴലിക്കാറ്റാകാൻ സാധ്യതയെന്നും മുന്നറിയിപ്പ്. മത്സ്യതൊഴിലാളികൾ കടലിൽ പോകരുതെന്ന് കർശന നിർദ്ദേശം. കാലവർഷക്കെടുതി നേരിടുന്നതിനായി താലൂക്ക് തലത്തിൽ കൺട്രോൾ റൂമുകൾ തുറന്നു.
സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ലക്ഷദ്വീപിനോട് ചേര്‍ന്ന് തെക്ക് കിഴക്കന്‍ അറബിക്കടലിൽ രൂപപ്പെട്ട ന്യൂനമര്‍ദം 12 മണിക്കൂറിനുള്ളില്‍ തീവ്രന്യൂനമര്‍ദമാകും. ഇത് ചുഴലിക്കാറ്റായി മാറുകയും കേരള, കർണാടക തീരങ്ങളിൽ വീശാൻ സാധ്യതയുണ്ടെന്നുമാണ് മുന്നറിയിപ്പ്.
മണിക്കൂറിൽ 40 മുതൽ 60 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശിയേക്കാം. വടക്ക് പടിഞ്ഞാറൻ ദിശയിലേക്ക് സഞ്ചരിക്കുന്ന ചുഴലിക്കാറ്റ് തുടർന്ന് കർണാടക തീരത്ത് നിന്നും ഗുജറാത്ത് തീരത്തേക്ക് നീങ്ങും. കാറ്റിന്റെ വേഗത മണിക്കൂറിൽ പരമാവധി 75 കിലോമീറ്റർ വരെയാകും. ശക്തമായ കാറ്റിനും കടൽ ക്ഷോഭത്തിനും സാധ്യതയുള്ളതിനാൽ മത്സ്യതൊഴിലാളികൾ കടലിൽ പോകരുതെന്ന കർശന നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
തെക്കൻ തീരങ്ങളിൽ കടലാക്രമണം രൂക്ഷമായി തുടരുകയാണ്. നിലവിൽ തെക്കൻ കേരളത്തിൽ ശക്തമായ കാലവർഷം വടക്കൻ കേരളത്തിലും ലഭിക്കും.ബുധനാഴ്ച്ച മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജിലകളിൽ ഓറഞ്ച് അലേർട്ടും, അഞ്ച് ജിലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചു.
ബന്ധപ്പെട്ട സർക്കാർ വകുപ്പുകളോടും ഉദ്യോഗസ്ഥരോടും തയ്യാറെടുപ്പുകൾ നടത്താനും താലൂക്ക് തലത്തിൽ കണ്ട്രോൾ റൂമുകൾ ആരംഭിക്കുവാനും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദ്ദേശം നൽകിയിട്ടുണ്ട്.
ഉരുൾപൊട്ടൽ സാധ്യത ഉള്ളതിനാൽ രാത്രി സമയത്ത് മലയോരമേഖലയിലേക്കുള്ള യാത്ര ഒഴിവാക്കാനും വിനോദ സഞ്ചാരത്തിനായി ബീച്ചുകളിൽ പോകരുതെന്നും നിർദ്ദേശമുണ്ട്.
24
തിരുവനന്തപുരം
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here