അധ്യക്ഷ സ്ഥാനത്ത് തുടരില്ലെന്ന് ഉറച്ച് രാഹുൽ; തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യാൻ ആന്റണിയുടെ നേതൃത്വത്തിൽ യോഗം

കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് തുടരില്ലെന്ന തീരുമാനത്തിൽ രാഹുൽ ഗാന്ധി ഉറച്ച് നിൽക്കുന്ന സാഹചര്യത്തിൽ സംഘടനാകാര്യ ചർച്ചകളിലേക്ക് കടന്ന് മുതിർന്ന നേതാക്കൾ. നാല് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യാൻ എ കെ ആൻറണിയുടെ നേതൃത്വത്തിൽ ഇന്ന് യോഗം ചേർന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷമുള്ള സാഹചര്യം പരിശോധിക്കാൻ സംഘടനാ ചുമതലയുള്ള കെ സി വേണുഗോപാൽ, ജനറൽ സെക്രട്ടറിമാരുടെ യോഗം അടുത്ത ദിവസം വിളിച്ച് ചേർക്കും.

മഹാരാഷ്ട്ര, ഹരിയാന, ജമ്മു കശ്മീർ, ജാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലേക്ക് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനായി എതിർ കക്ഷികളും കോൺഗ്രസിന്റെ സഖ്യ കക്ഷികളും മുന്നൊരുക്കങ്ങൾ തുടങ്ങി കഴിഞ്ഞു. അധ്യക്ഷ പദവിയിലേക്കില്ലെന്ന രാഹുൽ ഉറച്ച് നിലപാടുമായി നിൽക്കുന്ന സാഹചര്യത്തിൽ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ നടത്തിയില്ലെങ്കിൽ വലിയ തിരിച്ചടി ഉണ്ടാകുമെന്ന് നേതാക്കൾ കണക്ക് കൂട്ടുന്നു. തെരഞ്ഞെടുപ്പിലേക്ക് പോകുന്ന പല സംസ്ഥാനങ്ങളിലും നേതാക്കൾ തമ്മിലുള്ള പ്രശ്‌നങ്ങൾ അതി രൂക്ഷമാണ്. ഇക്കാര്യങ്ങൾ കണക്കിലെടുത്താണ് എ കെ ആൻറണി, ഗുലാം നബി ആസാദ്, അഹമ്മദ് പട്ടേൽ, ആനന്ദ് ശർമ്മ തുടങ്ങിയ മുതിർന്ന നേതാക്കൾ യോഗം ചേർന്നത്. എന്നാൽ രാഹുൽ ഗാന്ധി തന്നെ അധ്യക്ഷനായി തുടരുമെന്നും ലോക്‌സഭാ തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ നേതാക്കൾ ചേരി തിരിഞ്ഞ് ആരോപണ പ്രത്യാരോപണങ്ങൾ നടത്തുന്നുവെന്ന വാർത്ത തെറ്റാണെന്നും രൺദീപ് സുർജേവാല പറഞ്ഞു. പാർട്ടിയിലെ വിവിധ സംഘടാ വിഷയങ്ങൾ സംബന്ധിച്ച് മുതിർന്ന നേതാക്കളുടെ നേതൃത്വത്തിൽ ചർച്ചകൾ നടന്ന് വരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.

രാഹുൽ ഗാന്ധിയുടെ അസാന്നിദ്ധ്യത്തിൽ പാർട്ടിയിലുണ്ടായിരിക്കുന്ന അനിശ്ചിതാവസ്ഥ മറികടക്കുന്നതിനുള്ള ശ്രമത്തിലാണ് നേതാക്കൾ. അപ്പോഴും അധ്യക്ഷന്റെ കാര്യത്തിലുള്ള അവ്യക്തത കനക്കുകയാണ്.

Top